വിമർശനം അതിരുവിടുന്നു; മുൻ ഇന്ത്യൻ താരത്തിനെതിരെ ബി.സി.സി.ഐക്ക് പരാതി നൽകി രോഹിത്
text_fieldsമുംബൈ: തന്നെ നിരന്തരം വിമർശിക്കുന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറിനെതിരെ ബി.സി.സി.ഐക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പരാതി നൽകിയതായി റിപ്പോർട്ട്. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ഗവാസ്കർ നടത്തിയ വിമർശനം അതിരുവിടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പരാതി നൽകിയത്.
ഓസീസിനെതിരെ മൂന്നു ടെസ്റ്റുകളിൽനിന്ന് 31 റൺസ് മാത്രമാണ് രോഹിത്തിന്‍റെ സമ്പാദ്യം. വിമർശനത്തിനു പിന്നാലെ സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽനിന്ന് താരം സ്വയം മാറി നിന്നിരുന്നു. മെൽബണിലും സിഡ്നിയിലും റൺസ് കണ്ടെത്താനായില്ലെങ്കിൽ സെലക്ടർമാരുടെ തീരുമാനത്തിന് കാത്തുനിൽക്കാതെ ക്യാപ്റ്റൻസി സ്ഥാനം ഒഴിയണമെന്നും സിഡ്നി മോർണിങ് ഹെറാൾഡ് പത്രത്തിലെ ലേഖനത്തിലൂടെ താരം വിമർശിച്ചിരുന്നു.
ഇടവേളക്കുശേഷം രഞ്ജി ട്രോഫിയിൽ മുംബൈക്കായി കളിക്കാനിറങ്ങിയിട്ടും രോഹിത്തിന് തിളങ്ങാനായില്ല. ജമ്മു-കശ്മീരിനെതിരായ മത്സരത്തിൽ മുംബൈ അഞ്ചു വിക്കറ്റിന് പരാജയപ്പെട്ടു. പിന്നാലെ ഗവാസ്കർ നടത്തിയ വിമർശനം രോഹിത്തിനെ വീണ്ടും ചൊടിപ്പിച്ചു. രോഹിത് രഞ്ജി ട്രോഫിയിൽ കളിച്ചത് ബി.സി.സി.ഐയുടെ വാർഷിക കരാറിൽനിന്ന് പുറത്തുപോകാതിരിക്കാൻ മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്നായിരുന്നു ഗവാസ്കറിന്‍റെ പ്രതികരണം. മോശം പ്രകടനവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളിൽ കടുത്ത നീരസം പ്രകടിപ്പിച്ചാണ് താരം ബി.സി.സി.ഐയെ സമീപിച്ചത്. ഇത്തരം രീതിയിലുള്ള ഗവാസ്കറിന്‍റെ വിമർശനം അനാവശ്യമാണെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് താരം ബി.സി.സി.ഐക്ക് പരാതി നൽകിയത്.
വ്യാഴാഴ്ച മേഘാലയക്കെതിരായ രഞ്ജി മത്സരം മുംബൈക്ക് നിർണായകമാണ്. രോഹിത്തിനെ കൂടാതെ, യശസ്വി ജയ്സ്വാളും ശ്രേയസ് അയ്യരും കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായാണ് ടീമിൽനിന്ന് പിന്മാറിയത്. അജിങ്ക്യ രഹാനെ കളിക്കുന്ന മുംബൈ ടീം നിലവിൽ ജമ്മു കശ്മീരിനും ബറോഡക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എയിൽ ആറു മത്സരങ്ങളിൽനിന്ന് 22 പോയന്‍റ്. കഴിഞ്ഞ വർഷം രഞ്ജിയിൽ കളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ബി.സി.സി.ഐ വാർഷിക കരാർ നഷ്ടമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.