'അർഹിക്കുന്ന ബഹുമാനം കിട്ടിയില്ല'; ഐ.പി.എൽ കളിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കി ക്രിസ് ഗെയ്‍ൽ
text_fieldsഈ ഐ.പി.എൽ സീസണിന്‍റെ ഏറ്റവും വലിയ നഷ്ടം വെസ്റ്റിൻഡീസിന്‍റെ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിന്‍റെ അസാന്നിധ്യമാണ്. ഐ.പി.എൽ ചരിത്രത്തിൽ ഗെയ്‍ൽ തീർത്ത റൺമഴ കാണികൾക്ക് മറക്കാനാകില്ല. ഏറ്റവും കൂടുതൽ വ്യക്തിഗത റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ വിൻഡീസ് തീരം ക്രിസ് ഗെയ്ൽ ഒന്നാമതാണ്.
എന്നാൽ, ഇത്തവണത്തെ ഐ.പി.എൽ താര ലേലത്തിൽനിന്ന് ഗെയ്‍ൽ വിട്ടുനിന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഐ.പി.എൽ കളിക്കാതിരിക്കാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ ഐ.പി.എൽ സീസണുകളിൽ തനിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്നും തന്നെ വേണ്ടരീതിയിൽ പരഗിണിച്ചില്ലെന്നുമാണ് താരം പറയുന്നത്.
ഏതാനും വർഷങ്ങളായി ഐ.പി.എല്ലിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നി -ഗെയ്‍ൽ ബ്രിട്ടനിലെ മിറർ പത്രത്തോട് പറഞ്ഞു. സ്പോർട്സിനും ഐ.പി.എല്ലിനുമായി ഇത്രയധികം ചെയ്തിട്ടും എനിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ല. അതിനാൽ ഞാൻ താര ലേലത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായും ഗെയ്‍ൽ വ്യക്തമാക്കി. എന്നാൽ, അടുത്ത സീസണിൽ ഐ.പി.എല്ലിൽ തിരിച്ചെത്തുന്ന കാര്യം ഗെയ്ൽ തള്ളിക്കളഞ്ഞില്ല.
അടുത്ത വർഷം അവർക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ തിരിച്ചുവരുമെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബ്ലാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടി ഗെയ്ൽ ഐ.പി.എൽ കളിച്ചിട്ടുണ്ട്. 142 മത്സരങ്ങളിൽനിന്നായി 4965 റൺസാണ് താരത്തിന്‍റെ സാമ്പാദ്യം. ആറു സെഞ്ച്വറിയും കുറിച്ചു. 2013ൽ പൂനെ വാരിയേഴ്സിനെതിരെ കുറിച്ച 175 റൺസാണ് ട്വന്‍റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.