'ടെണ്ടുൽക്കറെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു; സഖ്ലൈനാണ് പറഞ്ഞുതന്നത്...'-വിഖ്യാത പാക് താരത്തിന്റെ വെളിപ്പെടുത്തൽ
text_fieldsകറാച്ചി: ക്രിക്കറ്റിൽ ഇന്ത്യ-പാക് പോരാട്ടങ്ങൾ കഴിഞ്ഞേയുള്ളൂ മറ്റെന്തും. ഇരുനിരയും ഏറ്റുമുട്ടുന്ന വാശിയേറിയ മത്സരങ്ങൾ ക്രിക്കറ്റിന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് രസകരവും വീറുറ്റതുമായ പല മുഹൂർത്തങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. ഈ മാസം 28ന് ഏഷ്യ കപ്പിൽ ഇരുടീമും ഏറ്റുമുട്ടാനിരിക്കേ ക്രിക്കറ്റ് ലോകം ആ മത്സരത്തിലേക്ക് ഉറ്റുനോക്കുകയുമാണ്.
സചിൻ ടെണ്ടുൽകർ-ശുഐബ് അക്തർ, വെങ്കിടേഷ് പ്രസാദ്-ആമിർ സുഹൈൽ തുടങ്ങിയ 'വ്യക്തിഗത പോരാട്ട'ങ്ങളും ഇന്ത്യ-പാക് മത്സരങ്ങളുടെ സവിശേഷതയായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം സചിനും അക്തറും തമ്മിലുള്ള നേരങ്കങ്ങളായിരുന്നു. ഇരുവരും പലകുറി ക്രിക്കറ്റ് കളത്തിൽ നേർക്കുനേർ മാറ്റുരച്ചു. മിക്കപ്പോഴും പരസ്പര ബഹുമാനം നിലനിർത്തിയുള്ള പോരായിരുന്നു അവ.
എന്നാൽ, സജീവമായി കളിയിൽ പ്രവേശിക്കുന്ന സമയത്ത് സചിൻ ടെണ്ടുൽകറുടെ ഔന്നത്യത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലായിരുന്നുവെന്ന് അക്തർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അദ്ദേഹം ഏതുരീതിയിലുള്ള കളിക്കാരനാണെന്നോ എന്തുമാത്രം പ്രതിഭയായിരുന്നുവെന്നോ അറിയില്ലായിരുന്നുവെന്ന് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അക്തർ പറഞ്ഞത്. പാകിസ്താന്റെ പ്രമുഖ സ്പിൻ ബൗളർ സഖ്ലൈൻ മുഷ്താഖാണ് സചിനെക്കുറിച്ച് തനിക്ക് വിശദമായി പറഞ്ഞുതന്നതെന്നും അക്തർ വിശദീകരിച്ചു.
'സചിന്റെ മാഹാത്മ്യത്തെക്കുറിച്ച് സഖ്ലൈനാണ് എനിക്ക് വിശദീകരിച്ചുതന്നത്. അതുവരെ എനിക്കദ്ദേഹത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഞാൻ എന്റേതു മാത്രമായ ലോകത്തിലായിരുന്നു. എന്താണ് ഞാൻ ചെയ്യുകയെന്നും ബാറ്റർ ഏതുരീതിയിലാണ് ചിന്തിക്കുന്നതെന്നും മാത്രമാണ് എനിക്കറിയാമായിരുന്നത്'-അക്തർ പറഞ്ഞു. അതിവേഗത്തിൽ പന്തെറിയുകയെന്നും മത്സരങ്ങൾ ജയിക്കുകയെന്നതുമായിരുന്നു അന്നത്തെ തന്റെ ചിന്തയെന്നും അക്തർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.