ബൈ ബൈ ഡി.കെ; ക്രിക്കറ്റിനോട് വിടപറഞ്ഞ് ദിനേശ് കാർത്തിക്
text_fieldsന്യൂഡൽഹി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്. 20 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. 2004ൽ ലോഡ്സിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യത്തിനായുള്ള അരങ്ങേറ്റം. എല്ലാ ഫോർമാറ്റിലുമായി 180 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 26 ടെസ്റ്റിൽ 1025ഉം 94 ഏകദിനങ്ങളിൽ 1752ഉം 60 ട്വന്റി 20കളിലും 686ഉം റൺസാണ് സമ്പാദ്യം. 2022ലെ ട്വന്റി 20 ലോകകപ്പിലാണ് അവസാനമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പരിശീലകർക്കും ക്യാപ്റ്റന്മാർക്കും സെലക്ടർമാർക്കും സഹതാരങ്ങൾക്കും മാതാപിതാക്കൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഭാര്യ ദീപികക്കും ആരാധകർക്കുമെല്ലാം താരം നന്ദി പറഞ്ഞു. ‘കുറച്ചു നാളായുള്ള ആലോചനകൾക്ക് ശേഷം, ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചു. നമ്മുടെ രാജ്യത്ത് കളിക്കുന്ന ദശലക്ഷക്കണക്കിനാളുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ച ഭാഗ്യശാലികളിൽ ഒരാളാണ് ഞാൻ. കൂടാതെ നിരവധി ആരാധകരുടെയും സുഹൃത്തുക്കളുടെയും സ്വീകാര്യത നേടാനായത് ഭാഗ്യമായി കരുതുന്നു’ -39ാം പിറന്നാൾ ദിനത്തിൽ ദിനേശ് കാർത്തിക് എക്സിൽ കുറിച്ചു.
ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ദിനേശ് കാർത്തികിന് സഹതാരങ്ങളും ആരാധകരും വൈകാരിക യാത്രയയപ്പ് നൽകിയിരുന്നു. വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും സീസണോടെ ഐ.പി.എല്ലില്‍നിന്ന് വിടപറയുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഹ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം കാര്‍ത്തിക് തന്റെ കീപ്പിങ് ഗ്ലൗസ് അഴിച്ച് ഗാലറിയെ അഭിവാദ്യം ചെയ്യുകയും സഹതാരങ്ങൾ ഗാര്‍ഡ് ഓഫ് ഓണറും നല്‍കുകയും ചെയ്തു. ഐ.പി.എല്ലിൻ്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയും വിരമിക്കലിലേക്കുള്ള സൂചനയായി. ടീമിലെ ഫിനിഷറായ താരം സീസണിലെ 15 മത്സരങ്ങളില്‍നിന്ന് രണ്ട് അർധസെഞ്ച്വറിയടക്കം 326 റണ്‍സ് നേടി തകർപ്പൻ ഫോമിലായിരുന്നു. 36.22 ശരാശരിയുള്ള കാർത്തികിന്റെ സ്ട്രൈക്ക് റേറ്റ് 187.36 ആണ്.
2015ല്‍ ബംഗളൂരുവിനൊപ്പം ചേരുന്നതിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകൾക്കായും കളത്തിലിറങ്ങി. ഐ.പി.എല്ലിലെ 257 മത്സരങ്ങളില്‍നിന്ന് 22 അർധസെഞ്ച്വറികളടക്കം 4842 റണ്‍സാണ് സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.