എട മോനെ.... ഡി.കെ !
text_fieldsബംഗളൂരു: കർണാടകയിൽ ഡി.കെമാർക്കിപ്പോൾ നല്ല കാലമാണ്. രാഷ്ട്രീയത്തിൽ ‘ട്രബിൾ ഷൂട്ടർ’ ഡി.കെ. ശിവകുമാറാണെങ്കിൽ ക്രിക്കറ്റ് മൈതാനത്ത് അത് ആർ.സി.ബിയുടെ ദിനേശ് കാർത്തികാണ്. ഐ.പി.എല്ലിന്റെ ഈ സീസണോടെ കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു ദിനേശ് കാർത്തിക്. എന്നാൽ, തേച്ചുതേച്ചു മിനുക്കിയ വജ്രം പോലെ കരിയറിന്റെ അവസാനത്തിലെ മിന്നും പ്രകടനം കണ്ട്, ഡി.കെയെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളിയുമായി ആരാധകർ രംഗത്തുവന്നുവെന്നതാണ് ശ്രദ്ധേയം.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിങ്കളാഴ്ചപ്പൂരമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലെ ഐ.പി.എൽ മത്സരം. ഹൈദരാബാദ് നിരയിൽ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ പിറന്നത് പടുകൂറ്റൻ സ്കോർ. പ്രതീക്ഷയോടെ തിരിച്ചടിച്ച വിരാട് കോഹ്ലിയും ഡുപ്ലസിസും മടങ്ങിയതിന് പിന്നാലെ മൂന്നു വിക്കറ്റുകൾ തുടരെ വീണു. വമ്പൻ തോൽവി പ്രതീക്ഷിച്ചിരുന്ന കാണികളെ സാക്ഷിയാക്കി ഡി.കെയുടെ വിളയാട്ടമായിരുന്നു പിന്നീട്.
ആറാമനായിറങ്ങി 35 പന്തിൽ 83 റൺസുമായി ടീമിനെ റെക്കോഡിലേക്ക് നയിച്ച് അയാൾ പവിലിയനിലേക്ക് തിരിച്ചുനടക്കുമ്പോൾ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റുനിന്ന് കൈയടിക്കുകയായിരുന്നു. തോറ്റുപോയ പോരാളിയായിട്ടും വീരപരിവേഷത്തിൽ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഒറ്റരാത്രികൊണ്ട് ഇടംപിടിച്ചു, ഈ 38 കാരൻ. അഞ്ചു ഫോറും ഏഴു സിക്സും ഉൾപ്പെട്ട ഇന്നിങ്സിനിടയിൽ ഈ ഐ.പിഎല്ലിലെ എറ്റവും നീളമേറിയ സിക്സും ഡി.കെ തൂക്കി.
പതിനാറാം ഓവറിൽ പേസ് ബൗളർ നടരാജൻ എറിഞ്ഞ ആദ്യ പന്ത് ദിനേശ് കാർത്തിക് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലെത്തിക്കുമ്പോൾ 108 മീറ്റർ താണ്ടിയിരുന്നു. സംഭവബഹുലമായ ജീവിതമാണ് ചെന്നൈ സ്വദേശിയായ ദിനേശ് കാർത്തികിന്റേത്. സഹതാരം മുരളി വിജയുമായി ത്രികോണ പ്രണയത്തിലായ ആദ്യ ഭാര്യയിൽനിന്ന് വിവാഹമോചനം തേടി മലയാളിയായ അന്താരാഷ്ട്ര സ്ക്വാഷ് താരം ദീപിക പള്ളിക്കലിനെ ജീവിതസഖിയാക്കി.
അന്താരാഷ്ട്ര കരിയർ ഏറക്കുറെ അവസാനിപ്പിച്ച മട്ടിലായിരുന്ന ഡി.കെ, ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ കമന്റേറ്ററായിരുന്നു. പിന്നീട് മുംബൈയിൽ ഡി.വൈ. പാട്ടീൽ ട്വന്റി20 കപ്പിൽ മികച്ച പ്രകടനം നടത്തി ആർ.സി.ബിക്കായി പാഡണിയാനെത്തി.
ഐ.പി.എല്ലിന്റെ ഈ സീസണിൽ ഹൈദരാബാദിനെതിരെ മാത്രമല്ല, ഡി.കെ മികച്ച പ്രകടനം നടത്തിയത്. ഇതുവരെ ആറു മത്സരങ്ങളിൽനിന്നായി 226 റൺസ് സ്കോർ ചെയ്തു കഴിഞ്ഞു. ശരാശരിയുടെ കണക്കെടുത്താൽ വിരാട് കോഹ്ലിക്കും മേലെ. കോഹ്ലിയുടെ റൺ ശരാശരി 72.2 ആണെങ്കിൽ ഡി.കെയുടേത് 75.33. സ്ട്രൈക്ക് റേറ്റ് 205.45! ഒരാഴ്ച മുമ്പ് വാംഖഡെയിൽ മുംബൈക്കെതിരെ 23 പന്തിൽ 53 റൺസെടുത്ത ഡി.കെയുടെ പ്രകടനം കണ്ട് രോഹിത് ശർമ പറഞ്ഞ കമന്റ് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തിരുന്നു.
ഡി.കെയുടെ മനസ്സുനിറയെ ട്വന്റി20 ലോകകപ്പാണെന്നും ടീമിലിടം പിടിക്കാനുള്ള പ്രകടനമാണെന്നുമായിരുന്നു രോഹിതിന്റെ കമന്റ്. ലോകകപ്പ് ടീമിലെത്താനുള്ള വിക്കറ്റ് കീപ്പർമാരുടെ പ്രകടന നിരയിലേക്ക് ഋഷഭ് പന്ത്, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവർക്കൊപ്പം 38കാരൻ ദിനേശ് കാർത്തികും ചേരുന്നുവെന്നതാണ് കൗതുകം.
റെക്കോഡ് മഴ
- സൺ റൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിൽ പിറന്ന റെക്കോഡുകൾ
- 287: ഹൈദരാബാദ് നേടിയത് ഐ.പി.എല്ലിലെ ഉയർന്ന ടീം ടോട്ടൽ
- 549: ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് പിറന്ന മത്സരം
- 22: ഐ.പി.എൽ ഇന്നിങ്സിലെ ഏറ്റവുമധികം സിക്സ് നേടി ഹൈദരാബാദ്
- 38: ഏറ്റവുമധികം സിക്സുകൾ പിറന്ന ട്വന്റി20 മത്സരം
- 81: ട്വന്റി20യിൽ ഏറ്റവുമധികം ബൗണ്ടറികൾ (38 സിക്സ്, 43 ഫോർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.