‘റണ്ണൗട്ട് മന്നൻ കാർത്തിക്’- തുടർച്ചയായ രണ്ടാം കളിയിലും സഹതാരത്തെ പുറത്താക്കിയ താരത്തിനെതിരെ വിമർശനം
text_fieldsകഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ കളിയിൽ കാണിച്ച മഹാപരാധം തൊട്ടടുത്ത മത്സരത്തിലും ആവർത്തിച്ച് ബാംഗ്ലൂർ താരം ദിനേശ് കാർത്തിക്. ബുധനാഴ്ച കൊൽക്കത്തയുമായുള്ള കളിയിലാണ് നോൺസ്ട്രൈക്ക് എൻഡിലായിരുന്ന സഹതാരം സൂയാഷ് പ്രഭുദേശായിയെ കാർത്തിക്ക് റണ്ണൗട്ടാക്കിയത്. കൊൽക്കത്ത ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ നിരയിൽ വമ്പൻമാർ നേരത്തെ മടങ്ങിയതോടെ ഒത്തുചേർന്ന കൂട്ടുകെട്ട് അശ്രദ്ധമായ ഓട്ടത്തിൽ തകരുകയായിരുന്നു. ബാംഗ്ലൂർ സ്കോർ 115ൽ നിൽക്കെ 15ാം ഓവറിലായിരുന്നു സംഭവം. അനാവശ്യ റണ്ണിന് വിളിച്ച് ദിനേശ് കാർത്തിക് സൂയാഷിനെ പുറത്താക്കുകയായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം.
കൂടെ ബാറ്റു ചെയ്യുന്നവരെ പുറത്താക്കുന്നതാണ് ദിനേശ് കാർത്തികിന് ഏറ്റവും ഇഷ്ടമെന്നുവരെ വിമർശനമുയർന്നു. സമീപകാലത്ത് കാർത്തിക് റണ്ണൗട്ടായതിന്റെയും ആക്കിയതിന്റെയും കണക്കുകളും പലരും നിരത്തി.
അതേ സമയം, കൊൽക്കത്തക്കെതിരെ ടീം തോൽവി ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വിമർശനം. ‘‘സത്യസന്ധമായി പറഞ്ഞാൽ, അവരെ നാം തന്നെ ജയിപ്പിക്കുകയായിരുന്നു. തോൽവി ഞങ്ങൾ അർഹിച്ചതാണ്. ജയം അവർക്ക് തളികയിൽ വെച്ചുനൽകുകയായിരുന്നു. നിലവാരത്തിനൊത്ത കളി ഞങ്ങൾ പുറത്തെടുത്തില്ല. അവസരങ്ങൾ മുതലാക്കിയുമില്ല. അതുവഴി 25-30 റൺസാണ് കൈവിട്ടത്’’- കോഹ്‍ലിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.