ലോക ക്രിക്കറ്റിലെ മികച്ച വൈറ്റ്-ബാൾ ബൗളർ; പാക് താരത്തെ പ്രശംസിച്ച് ദിനേഷ് കാർത്തിക്
text_fieldsകഴിഞ്ഞവർഷം മെൽബണിൽ നടന്ന ട്വന്‍റി20 ലോകകപ്പിൽ ഏറ്റുമുട്ടിയശേഷം ഇന്ത്യയും പാകിസ്താനും ഒരിക്കൽകൂടി മുഖാമുഖം വരുന്നു. ഏഷ്യ കപ്പിന്‍റെ ഭാഗമായി ശ്രീലങ്കയിലാണ് ഇന്ത്യ-പാക് പോരാട്ടം.
മത്സരത്തിന് ഒരുമാസം ബാക്കിനിൽക്കെ, മെൽബണിലേറ്റ തോൽവിക്ക് ഇന്ത്യയോട് പകരംചോദിക്കാൻ ലക്ഷ്യമിട്ടാണ് പാകിസ്താന്‍റെ തയാറെടുപ്പ്. ബാലഗൊല്ലയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യ കപ്പിൽ കളിക്കേണ്ട ഭൂരിഭാഗം ഇന്ത്യൻ താരങ്ങളും വെസ്റ്റിൻഡീസിനെതിരായ ട്വന്‍റി20 പരമ്പരയിലാണ്. അതേസമയം, പാകിസ്താൻ താരങ്ങളെല്ലാം ലങ്കൻ പ്രീമിയർ ലീഗ്, കാനഡയിലെ ഗ്ലോബൽ ട്വന്‍റി20 ലീഗ് ഉൾപ്പെടെയുള്ള വിവിധ ലീഗുകളിൽ കളിക്കുന്ന തിരക്കിലാണ്.
പാകിസ്താനെതിരെ ട്വന്‍റി20 കളിച്ച വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക് 100 ബാൾ ക്രിക്കറ്റിൽ സ്കൈ ക്രിക്കറ്റ് ചാനലിന്‍റെ ബ്രോഡ്കാസ്റ്റിങ് ഡ്യൂട്ടിയിലും. 100 ബാൾ ലീഗിൽ പാക് പേസർ ഹാരിസ് റൗഫ് വെൽഷ് ഫയറിന്‍റെ താരമാണ്. വെള്ളിയാഴ്ച സതേൺ ബ്രേവിനെതിരെ റൗഫ് നടത്തിയ ബൗളിങ് പ്രകടനത്തിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് കാർത്തിക്.
മത്സരത്തിൽ 27 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് റൈറ്റ് ഹാൻഡ് ബൗളർ നേടിയത്. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച വൈറ്റ്-ബാൾ ബൗളറാണ് ഹാരിസ് റൗഫെന്ന് കാർത്തിക് പറയുന്നു. ‘ഏതാനും വർഷം മുമ്പ് അദ്ദേഹം ടെന്നീസ് ബാൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. പിന്നാലെ പാക് ലീഗിൽ ഖലന്ദറിന്‍റെ താരമായി. ദേശീയ ടീമിലെത്തിയിട്ടും മികച്ച പ്രകടനം തുടർന്നു. ലോക ക്രിക്കറ്റിൽ നിലവിലെ മികച്ച വൈറ്റ്-ബാൾ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം, പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ -കാർത്തിക് 100 ബാൾ മത്സരത്തിനിടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.