'ട്വന്റി20 ലോകകപ്പ് ടീമിൽ കയറിപ്പറ്റാൻ ഈ പ്രകടനം മതിയാകില്ല'; കാർത്തിക്കിനോട് മഞ്ജരേക്കർ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ പുരോഗമിക്കവേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മധ്യനിരയുടെ രക്ഷകനാണ് ദിനേഷ് കാർത്തിക്ക്. ഫ്രാഞ്ചൈസിനായി മികച്ച പ്രകടനം പുറത്തെടുത്ത കാർത്തിക്ക് ബാറ്റിങ്ങിനിറങ്ങിയ ഏഴ് ഇന്നിങ്സുകളിൽ രണ്ടുതവണ മാത്രമാണ് പുറത്തായത്.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ എങ്കിലും ട്വന്റി20 ലോകകപ്പ് ടീമിൽ കയറിപ്പറ്റാൻ ഈ പ്രകടനം മതിയാകില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ വെച്ചാണ് ട്വന്റി20 ലോകകപ്പ്. എന്നിരുന്നാലും, നിലവിലെ ഫോം നിലനിർത്തിയാൽ കാർത്തിക്ക് ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മഞ്ജരേക്കർ.
'നിലവിലെ ഫോം നിലനിർത്തിയാൽ മാത്രം മതി. ഞാൻ കുറച്ചുകൂടി പ്രായോഗികത പുലർത്താൻ പോകുന്നു. ഈ ഐ.പി.എല്ലിന്റെ പാതിവഴിയിലാണ് നമ്മൾ. ലീഗിന്റെ അവസാനം വരെ കാത്തിരിക്കാം. ഫോം നിലനിൽക്കുമോ എന്ന് നോക്കാം. ഞങ്ങൾക്ക് ഡി.കെ ടീമിൽ വേണമെന്ന് നിങ്ങൾ പറയുമ്പോൾ ഒരാളെ പുറത്താക്കേണ്ടതായി വരും'-മഞ്ജരേക്കർ ഇ.എസ്.പി.എൻ ക്രിക്ഇൻഫോയോട് പറഞ്ഞു.
'നിലവിലെ മത്സരാർഥികളെ നോക്കുമ്പോൾ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടുക ബുദ്ധിമുട്ടാണ്. കാരണം അവൻ നോക്കുന്നത് 5, 6, 7 എന്നീ സ്ഥാനങ്ങൾ മാത്രമാണ്. മുൻനിരയിലല്ല അവൻ ബാറ്റ് ചെയ്യുന്നത്. അത് പരിഗണിക്കപ്പെടുന്നില്ല എന്ന് ഞാൻ കരുതുന്നു. ഋഷഭ് പന്തിനെ മാറ്റിനിർത്തേണ്ടി വരും. ഹാർദിക് പാണ്ഡ്യ vs ദിനേശ് കാർത്തിക് എന്ന നിലയിൽ നോക്കാൻ തുടങ്ങണം. അത് എളുപ്പമായിരിക്കില്ല'-ഇന്ത്യയുടെ മുൻ താരം കൂട്ടിച്ചേർത്തു.
ഈ സീസണിൽ ഇതുവരെ 200നോടടുത്ത്പ്രഹരശേഷിയിലാണ് കാർത്തിക്ക് 210 റൺസ് അടിച്ചുകൂട്ടിയത്. പുറത്താകാതെ 66 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. അവസാന കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ താരം പൂജ്യത്തിന് പുറത്തായിരുന്നു. ചൊവ്വാഴ്ച പൂനെയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ഫോമിലേക്ക് മടങ്ങിയെത്താനാകും കാർത്തിക്കിന്റെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.