ആരാധകർക്ക് നിരാശ; ഡിവില്ലേഴ്സ് ദേശീയ ടീമിലേക്ക് മടങ്ങിവരില്ല
text_fieldsദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എ.ബി. ഡിവില്ലേഴ്സ് ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. മൂന്ന് വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പടിയിറങ്ങിയ താരം വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, താരവുമായി നടത്തിയ ചർച്ചയിൽ വിരമിക്കൽ പ്രഖ്യാപനം മാറ്റുന്നില്ലെന്ന നിലപാടിലാണ് എത്തിയതെന്ന് സി.എസ്.എ അറിയിച്ചു.
2018ലായിരുന്നു മിസ്റ്റർ 360 ഡിഗ്രി എന്ന് വിളിക്കപ്പെടുന്ന താരം ദേശീയ ജഴ്സി അഴിച്ചുവെച്ചത്. അതിനുശേഷം ഇന്ത്യൻ പ്രീമിയർ ലീഗടക്കം ചില ടി20 ലീഗ് ടൂർണമെൻറുകളിൽ മാത്രമായിരുന്നു കളിച്ചുവന്നത്.
എന്നാൽ, വിരമിക്കൽ തീരുമാനം പിൻവലിച്ച് താരം വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിന് വേണ്ടി ബാറ്റേന്തുമെന്ന് അഭ്യൂഹങ്ങൾ വന്നു. സമീപകാലത്ത് താരം തന്നെ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരെ ജൂണിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലൂടെ 37കാരൻ വീണ്ടും ദക്ഷിണാഫ്രിക്കൻ ജഴ്സിയണിയുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ വിരാമമായത്.
2018 മേയിൽ മികച്ച ഫോമിൽ നിൽക്കെയാണ് ഡിവില്ലിയേഴ്‌സ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ താരത്തിെൻറ പേരിൽ നിരവധി റെക്കോർഡുകളുണ്ട്. വേഗത്തിൽ 50, 100, 150 റൺസ് നേടിയ ലോക റെക്കോർഡും ഒരു ദക്ഷിണാഫ്രിക്കൻ താരം ടെസ്റ്റിലും ട്വൻറി 20യിലും നേടുന്ന ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയും എ.ബി.ഡിയുടെ പേരിലാണ്.
വെടിക്കെട്ട് ബാറ്റിങ്ങിെൻറ അമരക്കാരനായ അബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴസ് എന്ന എ.ബി ഡിവില്ലേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റസ്മാനായാണ് തെൻറ കരിയർ ആരംഭിച്ചത്. ബാറ്റ് ചെയ്യുേമ്പാൾ ഏത് ഭാഗത്തേക്കും പന്തുപായിക്കാനുള്ള ഡിവില്ലേഴ്സിെൻറ കഴിവ് അദ്ഭുതത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. എ.ബി.ഡിക്ക് ക്രിക്കറ്റ് കമേൻററ്റർമാർ നൽകിയ പേര് സൂപ്പർമാൻ എന്നാണ്. െഎ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സിെൻറ താരമായ എ.ബി ഇന്ത്യക്കാരുടെയും പ്രിയതാരമാണ്.
2004ല്‍ പോര്‍ട് എലിസബത്തിലെ സെൻറ് ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2005ല്‍ ഏകദിന ക്രിക്കറ്റിലും 2006ല്‍ ട്വൻറി 20യിലും താരം അരങ്ങേറി. 2018 മാര്‍ച്ച് 30ന് ആസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഡിവില്ലിയേഴ്‌സ് അവസാനമായി കളിച്ചത്. 114 ടെസ്റ്റുകളിൽനിന്ന് 8765ഉം 228 ഏകദിനങ്ങളിൽനിന്ന് 9577ഉം 78 ട്വൻറി20യിൽനിന്ന് 1672ഉം റൺസ് താരം കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.