അവർക്കും നമുക്കും ഇടയിലുള്ള വ്യത്യാസം സച്ചിൻ തെണ്ടുൽക്കറാണ്...
text_fieldsക്രീസിൽ കുത്തിതിരിയുന്ന പന്തുകളുമായി ഷെയ്ൻ വോൺ മൈതാനങ്ങളെ അടക്കിവാണിരുന്ന കാലം. സച്ചിൻ തെണ്ടുൽക്കർ തന്റെ പന്തുകളെ അനായാസം തൂക്കിയെടുത്ത് ഗാലറിക്ക് പുറത്തേക്ക് പറത്തുന്നതായി സ്വപ്നത്തിൽ പോലും കണ്ട് ഞെട്ടിയുണർന്നിട്ടുണ്ടെന്ന് പറഞ്ഞത് സാക്ഷാൽ വോൺ തന്നെയായിരുന്നു. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയ അക്കാല മത്സരങ്ങളിൽ വോണിന് മേൽ സച്ചിന് തന്നെയായിരുന്നു ആധിപത്യം.
നൂറ്റാണ്ടിന്റെ പന്തെന്ന വിശേഷണമുള്ള പന്തുകളെറിഞ്ഞ് ഇംഗ്ലണ്ടിന്റെയും ദക്ഷിണാഫ്രിക്കയുടെയും ന്യൂസിലാണ്ടിന്റെയും വിഖ്യാത ബാറ്റർമാരെ അക്ഷരാർഥത്തിൽ വോൺ വട്ടംകറക്കിയിട്ടുണ്ട്. പക്ഷേ, ഇന്ത്യക്കെതിരെ ആ വിരലുകളുടെ മായികത പലപ്പോഴും വിരിഞ്ഞതേയില്ല. അതിനു കാരണം സച്ചിൻ എന്ന മഹാമേരുവായിരുന്നു. വോണിനു മേലുള്ള സച്ചിന്റെ ആധിപത്യത്തെ ആസ്ട്രേലിയൻ ബാറ്റിങ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ തന്നെ ശരിവെച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്തുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. 1989 കാലത്തെ ബോർഡർ - ഗവാസ്കർ ട്രോഫി മത്സരത്തിനു മുമ്പ് ബ്രാഡ്മാൻ സുഹൃത്തായ പീറ്റർ ബ്രോവിന് എഴുതിയ കത്തുകളിലാണ് സച്ചിൻ - വോൺ പേരാട്ടത്തെക്കുറിച്ച് പറയുന്നത്.
‘ദക്ഷിണാഫ്രിക്കക്കെതിരെ ഗംഭീരമായ ഒരു പരമ്പരയായിരുന്നു നമ്മൾ പിന്നിട്ടത്. ആസ്ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോൾ അത്രയൊന്നും കേമമായിരുന്നില്ല അവരുടെ ടീം. എന്നിട്ടും അവർ അവസാനംവരെ പേരാടി. പക്ഷേ, ഇരു ടീമുകൾക്കുമിടയിലെ പ്രധാന വ്യത്യാസം ഷെയ്ൻ വോൺ ആയിരുന്നു. സിഡ്നി ടെസ്റ്റിൽ അവൻ ബൗൾ ചെയ്യുന്നത് കാണുന്നതുതന്നെ ആവേശകരമായിരുന്നു. വട്ടംകറക്കിയ പന്തുകൾ കൊണ്ട് അവൻ ഇന്ദ്രജാലം കാണിച്ചു. അടുത്തയാഴ്ച നമ്മുടെ കുട്ടികൾ (ആസ്ട്രേലിയ) ഇന്ത്യയിലേക്ക് പോവുകയാണ്. അവരവിടെ കഠിനമായി പരീക്ഷിക്കപ്പെടും എന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റുമായി വോണിനെ വരവേൽക്കാൻ സച്ചിൻ കാത്തിരിക്കുകയാവണം. ഉജ്ജ്വലമായിരിക്കും ആ പോരാട്ടം എന്ന് എനിക്കുറപ്പാണ്.’ - ബ്രാഡ്മാൻ പീറ്റർ ബ്രോവിന് എഴുതിയ കത്തിൽ പറയുന്നു. വോണിനോടുള്ള ഇഷ്ടവും സച്ചിനോടുള്ള മതിപ്പും നിറഞ്ഞതായിരുന്നു ബ്രാഡ്മാന്റെ കത്തുകൾ.
പീറ്റർ ബ്രോവിന്റെ കുടുംബം കഴിഞ്ഞ ദിവസം നാഷനൽ ലൈബ്രറിക്ക് സംഭാവന ചെയ്തതാണ് ബ്രാഡ്മാന്റെ കത്തുകൾ.
‘ആക്രമണകാരിയായ ബാറ്റർ ലെഗ് സ്പിന്നറെ നേരിടുന്നത് കാണേണ്ട കാഴ്ച തന്നെയാണ്’ എന്നും ബ്രാഡ്മാൻ എഴുതിയിട്ടുണ്ട്.
റിക്കി പോണ്ടിങ്ങിന്റെ അരങ്ങേറ്റവും പ്രകടനവും ഭാവിയിലുള്ള പ്രതീക്ഷയുമെല്ലാം പങ്കുവെയ്ക്കുന്ന കത്തുകൾക്കിടയിൽ തന്റെ സ്വകാര്യ ദുഃഖങ്ങളും ബ്രാഡ്മാൻ തുറന്നുപറയുന്നുണ്ട്.
1998ലായിരുന്നു ബ്രാഡ്മാന്റെ പത്നി ജെസ്സി അന്തരിച്ചത്. ‘ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ പാടുപെടുന്നു. എവിടെ തിരിഞ്ഞുനോക്കിയാലും സങ്കടവും ഓർമകളും മാത്രം. ഒരു ഗോൾഫ് കളിക്കോ ബ്രിഡ്ജ് കളിക്കോ ശേഷവും സംസാരിക്കാൻ ആരുമില്ല. നിങ്ങൾ പറഞ്ഞതുപോലെ രാത്രികൾ വളരെ ശൂന്യമാണ്.’ തന്റെ അവസ്ഥ ഇങ്ങനെയാണ് ബ്രാഡ്മാൻ സുഹൃത്തുമായി പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.