ബൗളിങ് മെച്ചപ്പെട്ടതിന് പിച്ചിനെ പഴിക്കേണ്ട
text_fieldsതിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ റണ്ണൊഴുകുമെന്ന് കരുതിയ പിച്ചിൽ കുറഞ്ഞ സ്കോറിന് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിച്ചപ്പോൾ സംഘാടകർ കേട്ട പഴി കുറച്ചൊന്നുമല്ല. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ട്രോൾ മഴയായിരുന്നു. എന്നാൽ, അങ്ങനെ പിച്ചിനെ പഴിക്കാൻ വരട്ടേയെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.
റണ്ണൊഴുകുന്ന പിച്ചല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇന്ത്യ ഏഴും ദക്ഷിണാഫ്രിക്ക നാലും സിക്സറുകൾ പറത്തിയതെന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. കുറച്ചുനാളായി പഴികേട്ടിരുന്ന ഇന്ത്യൻ ബൗളിങ് വിഭാഗത്തിന്‍റെ തിരിച്ചുവരവ് കൂടിയാണ് ഇവിടെ കണ്ടതെന്ന അഭിപ്രായവുമുണ്ട്.
കിട്ടിയ അവസരം ബൗളർമാർ വിനിയോഗിച്ചതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടുന്നു. ഏഷ്യാകപ്പ്, ആസ്ട്രേലിയക്കെതിരായ പരമ്പര എന്നിവയിലെല്ലാം ഇന്ത്യൻ ബൗളിങ് പരാജയമായിരുന്നു. റണ്ണൊഴുകുന്ന പിച്ചാണ് കാര്യവട്ടത്തേതെന്ന് ക്യുറേറ്റർമാർ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, കളി ആരംഭിച്ചപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഇന്ത്യയുടെ സ്റ്റാർ ബൗളർമാരുടെ അഭാവത്തിൽ പന്തെറിഞ്ഞ ദീപക് ചഹാറും അർഷ്ദീപ് സിങ്ങും ദക്ഷിണാഫ്രിക്കയുടെ 'തല' തകർത്തു. അഞ്ച് മുൻനിര ബാറ്റർമാരെയാണ് ഒമ്പത് റൺസിനിടെ ഇരുവരും ചേർന്ന് കൂടാരം കയറ്റിയത്.
അതോടെ കാണികളും സംഘാടകരുമെല്ലാം അങ്കലാപ്പിലായെന്നത് സത്യം. ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ ഇങ്ങനെ മത്സരം നീങ്ങിയാൽ അത് ഗ്രീൻഫീൽഡിന്‍റെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു കെ.സി.എ അധികൃതരും.
പേസർമാർക്ക് പിന്നാലെ ആർ. അശ്വിൻ, അക്സർ പട്ടേൽ എന്നീ സ്പിന്നർമാർക്കും നല്ല നിയന്ത്രണം കിട്ടിയതോടെ പിച്ച് ബൗളിങ്ങിന് അനുകൂലമാണെന്ന വിലയിരുത്തൽ ശക്തമായി. 106 റൺസിന് ബാറ്റിങ് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെട്ടത് ആ വിലയിരുത്തൽ ശരിവെച്ചു.
എന്നാൽ, പിന്നീട് അനായാസേന ബാറ്റ് ചെയ്ത കെ.എൽ. രാഹുലും സൂര്യകുമാർ യാദവും 20 പന്ത് ശേഷിക്കെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചപ്പോൾ വിലയിരുത്തൽ തെറ്റാണെന്ന് തെളിഞ്ഞു.
ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. അവസാന ആറ് ഓവറുകളിൽ 10ന് മുകളിൽ റൺറേറ്റിലായിരുന്നു ഇന്ത്യൻ ജയം. രാഹുൽ നാലും സൂര്യകുമാർ മൂന്നും സിക്സറുകളാണ് പറത്തിയത്.
പിച്ചിനെക്കുറിച്ച് നല്ല അഭിപ്രായമാണ് ക്യാപ്റ്റൻമാരായ രോഹിത് ശർമയും തെംബ ബവുമയും പ്രകടിപ്പിച്ചത്. സ്പൈസി വിക്കറ്റാണ് ഇതെന്നും കൂടുതൽ സ്കോർ പ്രതീക്ഷിച്ചിരുന്നെന്നും രോഹിത് പറഞ്ഞപ്പോൾ ഇന്ത്യൻ ബൗളർമാരെ നേരിടാൻ മുൻനിര പരാജയപ്പെട്ടതാണ് സ്കോർ ഉയർത്താൻ കഴിയാത്തതിന് കാരണമായി ബവുമ ചൂണ്ടിക്കാട്ടിയത്.
40,000 ത്തോളം കാണികൾ എത്തിയ മത്സരത്തിൽ ഗ്രൗണ്ട്, പിച്ച് ഉൾപ്പെടെ കാര്യങ്ങളിൽ ബി.സി.സി.ഐ അധികൃതർ തൃപ്തരാണെന്നാണ് കെ.സി.എ വൃത്തങ്ങൾ നൽകുന്ന വിവരം. ഭാവിയിൽ ഇവിടേക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളും ഐ.പി.എൽ ഉൾപ്പെടെയും എത്തുമെന്ന സൂചനയും അവർ നൽകുന്നു.
ബവുമ ഭയന്നത് സംഭവിച്ചു
തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി20 മത്സരത്തിന്‍റെ തലേന്നാൾ നടത്തിയ വാർത്തസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമ സൂചിപ്പിച്ച കാര്യം തന്നെയാണ് മത്സരത്തിലുണ്ടായത്. ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ന്യൂബോളുകള്‍ ഭയപ്പെടണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ബവുമയുടെ വിലയിരുത്തൽ തെറ്റിയില്ലെന്ന് വേണം അനുമാനിക്കാൻ. ഇതേ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കൻ എ ടീമിനുവേണ്ടി അർധസെഞ്ച്വറി നേടിയ മുൻ പരിചയത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ന്യൂബോളിൽ ഇന്ത്യൻ ബൗളർമാർക്ക് നന്നായി സ്വിങ് ചെയ്യിക്കാനാകുമെന്നും ദക്ഷിണാഫ്രിക്കൻ പിച്ചുകളെക്കാൾ ഇവിടെ സ്വിങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തതും.
പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള അര്‍ഷ്ദീപ് സിങ്ങും ദീപക് ചഹാറും ചേര്‍ന്ന് വെറും 2.3 ഓവറില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റാണ് ഒമ്പത് റൺസ് നേടുന്നതിനിടെ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.