''ഇന്ത്യൻ ക്രിക്കറ്റിനെ മതത്തിെൻറ പേരുപറഞ്ഞ് മലിനമാക്കരുത്''- വസീം ജാഫറിന് പിന്തുണയുമായി മുഹമ്മദ് കൈഫ്
text_fieldsമുംബൈ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക പദവിയിൽനിന്ന് വസീം ജാഫർ രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലെ ചിലർ തുടക്കമിട്ട വർഗീയ വിവാദങ്ങളിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ്. ഉപജീവനത്തിന് വഴി തുറന്നുനൽകിയ ക്രിക്കറ്റ് ഞങ്ങൾക്ക് മനോഹരമായ കളിയാണെന്നും അതിൽ വർഗീയത കലർത്തി മലിനമാക്കുന്നത് ദുഃഖകരമാണെന്നും കൈഫ് പറഞ്ഞു. യു.പിയിലെ ടീമുകൾക്കായും രാജ്യത്തിെൻറ പല ഭാഗങ്ങളിലും പിന്നീട് ഇംഗ്ലണ്ടിലെ ക്ലബുകൾക്കും കൗണ്ടികൾക്കായും കളിച്ച താൻ ഒരിക്കലും വിശ്വാസത്തിെൻറ പേരിൽ പ്രത്യേകമായി കരുതൽ എടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്നു മുതലാണ് ഈ കളിയിൽ മതം കയറിവന്നതെന്നും കൈഫ് ചോദിക്കുന്നു.
താരത്തിെൻറ വാക്കുകൾ ഇങ്ങനെ: ''അണ്ടർ-15 ലോകകപ്പിൽ ഒന്നിച്ച് ജഴ്സിയണിഞ്ഞ, പഴയ കാലത്ത് കാൺപൂർ സ്പോർട്സ് ഹോസ്റ്റലിൽ ഒന്നിച്ചുണ്ടായിരുന്ന ഭുവൻ ചന്ദ്ര ഹർബോലയാണ് കഴിഞ്ഞ ദിവസം വസീംജാഫറിെൻറ വിഷയം അറിഞ്ഞോ എന്നു ചോദിച്ച് വിളിച്ചത്. അവൻ പങ്കുവെച്ച വിവരങ്ങൾ എന്നെ വല്ലാതെ ദുഃഖിപ്പിച്ചു. അന്ന് ഹോസ്റ്റലിൽ ഒന്നിച്ചു കഴിഞ്ഞ ദിനങ്ങൾ ഓർത്തുപോയി. ഒരു ഇടനാഴിയോടു ചേർന്ന കുഞ്ഞു മുറികളിൽ അഞ്ചു പേരാണ് ഞങ്ങൾ താമസിച്ചുവന്നത്. ഹർബോലയുടെ മുറി എെൻറതിെൻറ എതിർവശത്തായിരുന്നു. ഒരു കട്ടിലും കബോർഡും കഷ്ടിച്ച് വെക്കാനുള്ള ഇടം മാത്രം. അവെൻറ മുറിയിൽനിന്ന് ഓരോ ദിവസവും രാവിലെ ചന്ദനത്തിരിയുടെ മണം ഒഴുകിയെത്തും, കൂടെ ഹനുമാൻ ചാലിസ മന്ത്രങ്ങളും. എെൻറ മുറിയിൽ ഞാൻ നമസ്കരിക്കും. മുതിർന്നപ്പോൾ ഞാനൊരു താരമായി, അവൻ പൊലീസുകാരനും. ഇപ്പോഴും ആ സൗഹൃദം തുടരുന്നു.
അലഹബാദാണ് എെൻറ ദേശം. പണ്ടിറ്റുമാർ വസിച്ച കോളനിക്കരികെയായിരുന്നു വീട്. സ്നേഹത്തോടെ കഴിഞ്ഞ ഞങ്ങളെ ഒന്നിപ്പിച്ചുനിർത്തിയത് കളിയായിരുന്നു. ഇന്ത്യൻ ടീം എന്നില്ല, നാട്ടിലെ കുഞ്ഞുമക്കളുടെ ടീമിൽ പോലും എല്ലാ മതക്കാരുമുണ്ടായിരുന്നു. എെൻറ സ്വഭാവം രൂപപ്പെട്ടത് അവിടെയാണെന്നാണ് എെൻറ വിശ്വാസം. ഈ മനോഹര കളി എല്ലാ വികാരവും ജാതിയും സാമ്പത്തിക പശ്ചാത്തലവും ഭിന്ന വിശ്വാസവുമുള്ള മനുഷ്യരെ ഒന്നാക്കുന്നതാണ്.
അന്ന്, സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കിറ്റ് ഓർമയുണ്ട്. സായ്ബാബയുടെ ചിത്രം പതിച്ചതായിരുന്നു അത്. സമീപം വി.വി.എസ് ലക്ഷ്മണിന് അവെൻറ ദൈവങ്ങളായിരുന്നു പ്രധാനം. സഹീർ ഖാൻ, ഹർഭജൻ സിങ്- എല്ലാവർക്കുമുണ്ട് അവരുടെ വിശ്വാസം. സൗരവ് ഗാംഗുലിക്ക് പ്രദേശിക ഭേദം വേറെ. ഞങ്ങളാരും കളിച്ചത് മതത്തിെൻറ പേരിലായിരുന്നില്ല. എന്നല്ല, യു.പിയെന്നോ ബംഗാൾ, പഞ്ചാബ് എന്നോ ഹിന്ദു- മുസ്ലിം- സിഖ്- ക്രിസ്ത്യൻ മതങ്ങളോ ആയിരുന്നില്ല അവിടെ വിഷയം. മറ്റുള്ളവർക്കു വേണ്ടി കൂടിയായിരുന്നു അന്ന് കളി. ടീമിനും പിന്നെ സുഹൃത്തുക്കൾക്കും ഇന്ത്യക്കും വേണ്ടിയായിരുന്നു കളിച്ചത്.
പ്രാർഥന പൂർണമായി വ്യക്തിപരമായ വിഷയമാണ്. ഡ്രസ്സിങ് റൂമിൽ ഔദ്യോഗിക നമസ്കാരത്തെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. പക്ഷേ, യുവതാരം മുഈൻ അലിക്കായി തെൻറ കിറ്റ് മാറ്റിവെച്ച് ഇടമൊരുക്കിയ ഇംഗ്ലീഷ് താരം ഗ്രെയിം ഹിക്കിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഞാൻ ഡ്രസ്സിങ് റൂമിൽ നമസ്കരിക്കാറില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നവരുമുണ്ട്. ഓരോരുത്തർക്കും സ്വന്തം ഇഷ്ടമാകാം.
മതം ഒരിക്കലും താരങ്ങൾക്കിടയിൽ കടന്നുവരാത്ത വിഷയമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വിശേഷിച്ചു. ഇന്ത്യയിൽ എവിടെ പിറന്നവനും ഉയരം എത്തിപ്പിടിക്കാൻ സ്വപ്നം കാണാവുന്ന കളിയാണ് ക്രിക്കറ്റ്. ഝാർഖണ്ഡിലെ ചെറിയ ഇടങ്ങളിൽനിന്ന് അല്ലെങ്കിൽ എം.എസ് ധോണി ഇത്രയും ഉയരം വെട്ടിപ്പിടിക്കില്ലായിരുന്നു. മുംബൈയും പുണെയുംപോലെ ക്രിക്കറ്റ് വേരുറച്ച നാട്ടിൽനിന്നല്ലാത്ത സഹീർ ഖാനും ഇന്ത്യയുടെ ഏറ്റവുംമികച്ച ബൗളർമാരിൽ ഒരാൾ ആകില്ലായിരുന്നു. ലോകകപ്പിൽ ഇന്ത്യൻ വിജയങ്ങളിൽ വലിയ പങ്കുവഹിച്ച്,
ഗുജറാത്തിലെ ഇഖാർ എന്ന കൊച്ചു ഗ്രാമത്തിൽനിന്ന് മുനാഫ് പട്ടേലിെൻറ ഉദയവും സംഭവിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.