'ഇങ്ങനെ പോയൽ അവന് അടുത്ത സീസണിൽ 10 കോടി പോയിട്ട് ഒരുകോടി കിട്ടിയേക്കില്ല'- പഞ്ചാബ് താരത്തിനെതിരെ സേവാഗ്
text_fieldsന്യൂഡൽഹി: ഐ.പി.എൽ താരലേലത്തിൽ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ താരങ്ങൾ വൻ പരാജയമായി മാറുേമ്പാൾ വിമർശനങ്ങൾ ഉയർന്ന് വരുന്നത് പതിവാണ്. ജയ്ദേവ് ഉനദ്ഘട്ട് ഒക്കെ അങ്ങനെ ട്രോൾ പൊരുമഴ നീന്തിക്കയറിയവരിൽ ഒരാളാണ്. ഇപ്പോൾ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മക്സ്വെല്ലിനെതിരെയാണ് ഫോമില്ലായ്മയുടെ പേരിൽ കടുത്ത വിമർശനമുയരുന്നത്.
താരത്തിെൻറ വിലയും പ്രകടനവും മുൻനിർത്തി വിമർശനവുമായി രംഗത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സേവാഗ്. ഒക്ടോബർ എട്ടിന് (വ്യാഴാഴ്ച) പഞ്ചാബ് 69 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിെൻറ പിന്നലെയാണ് സേവാഗിെൻറ പ്രതികരണം.
അയാളുടെ പ്രകടനം നോക്കിയല്ല മറിച്ച് മതിപ്പ് നോക്കിയാണ് ടീമുകൾ എല്ലാ ലേലത്തിലും മക്സ്വെല്ലിന് പിന്നാലെ പോകുന്നതെന്ന് സേവാഗ് ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസിനോട് പറഞ്ഞു. 'എനിക്ക് അദ്ദേഹത്തിെൻറ മാനസികാവസ്ഥ മനസിലാക്കാൻ കഴിയുന്നില്ല, കാരണം എല്ലാ വർഷവും ഒരേ കഥയാണ്. അയാൾ ലേലത്തിൽ പൊന്നും വിലയ്ക്ക് വിൽക്കപ്പെടുന്നു, പക്ഷേ അവെൻറ പിന്നാലെ ഓടുന്നു. ഇത് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്' സേവാഗ് പറഞ്ഞു.
ഐ.പി.എൽ 2020 താരലേലത്തിൽ 10.75 കോടി രൂപ കൊടുത്ത് സ്വന്തമാക്കിയ മക്സ്വെൽ പ്രതീക്ഷിച്ച തരത്തിലുള്ള പ്രകടനം പുറത്തെടുത്തിരുന്നില്ല. ആറ് മത്സരങ്ങളിൽ നിന്ന് 100 സ്ട്രൈക്ക് റേറിൽ താഴെ 48 റൺസ് മാത്രമാണ് ഓസീസ് താരം നേടിയത്. ഹൈദരാബാദിനെതിരെ 202 റൺസ് പിന്തുടർന്നപ്പോൾ മക്സ്വെല്ലിെൻറ സംഭാവന വെറും ഏഴ് റൺസായിരുന്നു.
അടുത്ത സീസണിനുള്ള ലേലത്തിൽ താരത്തിന് ഒന്നോ രണ്ടോ കോടി പ്രതീക്ഷിച്ചാൽ മതിയെന്ന് സേവാഗ് കൂട്ടിച്ചേർത്തു. 'അടുത്ത ലേലത്തിൽ, അദ്ദേഹത്തിെൻറ വില 10 കോടിയിൽ നിന്ന് ഏതാണ്ട് ഒരു കോടി രൂപയിലേക്ക് കുറയുമെന്ന് ഞാൻ കരുതുന്നു. ഒരു കോടിയുടെയും രണ്ടുകോടിയുടെയും ഇടയിൽ ആയിരിക്കണം. 2016 ൽ അദ്ദേഹം തെൻറ അവസാന അർധസെഞ്ച്വറി നേടിയത് എന്ന കാര്യം നാം ഓർമിക്കണം. ഇന്ന്, പുരാന് മികച്ച പിന്തുണ നൽകുകയേ വേണ്ടൂ. പിച്ചിെൻറ ഒരറ്റത്ത് നിൽക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നെങ്കിൽ, പൂരൻ ഈ മത്സരത്തിൽ പഞ്ചാബിനെ വിജയിപ്പിക്കുമായിരുന്നു. അവസാനം പുരാൻ ഒറ്റക്കാവുകയും പുറത്താവുകയും ചെയ്ത' -സേവാഗ് കുറ്റപ്പെടുത്തി.
'അദ്ദേഹത്തിന് ഇതിലും നല്ല പ്ലാറ്റ്ഫോം എതാണ് വേണ്ടതെന്ന് അറിയില്ല. പഞ്ചാബിന് രണ്ട് വിക്കറ്റുകൾ തുടരെ നഷ്ടമായതിന് ശേഷമാണ് അദ്ദേഹം ക്രീസിലെത്തിയത്. ഒരുപാട് ഓവറുകൾ ബാക്കിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. യാതൊരു സമ്മർദ്ദവുമില്ലാതെ അയാൾ നിറംമങ്ങി' -സേവാഗ് അവസാനിപ്പിച്ചു .
75 ഐ.പി.എൽ മത്സരങ്ങളിൽ നിന്നും 22.23 ശരാശരിയിൽ 1444 റൺസാണ് മക്സ്വെല്ലിെൻറ സമ്പാദ്യം. 156.55 സ്ട്രൈക്ക്റേറ്റിൽ ആറ് അർധശതകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.