ലോകറെക്കോഡിലേക്ക് ഡബിൾ സെഞ്ച്വറിയടിച്ച് പൃഥ്വി ഷാ
text_fieldsജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിലെ ഇരട്ടസെഞ്ച്വറി വീരൻമാരുടെ പട്ടികയിൽ റെക്കോഡോടെ ഇടംപിടിച്ച് പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെയാണ് ഷാ (227 നോട്ടൗട്ട്) കന്നി ഇരട്ടസെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഓപണറായി ഇറങ്ങി 45ാം ഓവറിൽ സിംഗിൾ എടുത്താണ് ഷാ 200ലെത്തിയത്. ലിസ്റ്റ് എയിൽ നായകനായി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരമെന്ന റെക്കോഡാണ് ഷാ സ്വന്തമാക്കിയത്.
ഗ്രെയം പൊള്ളോക്കിന്‍റെ (222 നോട്ടൗട്ട്) റെക്കോഡാണ് ഷാ മറികടന്നത്. 1974ൽ ബോർഡറിനെതിരെ ഇൗസ്റ്റ് ലണ്ടന് വേണ്ടിയായിരുന്നു പ്രകടനം. 31 ബൗണ്ടറികളും അഞ്ച് സികസും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സൂര്യകുമാർ യാദവിന്‍റെ (58 പന്തിൽ 133) വെടിക്കെട്ട് സെഞ്ച്വറിയും ആദിത്യ താരെയുടെ (56) അർധസെഞ്ച്വറിയും കൂടിയായതോടെ മുംബൈ നാലുവിക്കറ്റിന് 457 റൺസെടുത്തു.
ലിസ്റ്റ് എ ക്രിക്കറ്റിൽ പൃഥ്വി ഷാക്ക് ആറ് സെഞ്ച്വറികളുണ്ട്. ന്യൂസിലൻഡ് 'എ'ക്കെതിരെ ഇന്ത്യ 'എ'ക്കായി നേടിയ 150 റൺസായിരുന്നു ഇതുവരെയുണ്ടായിരുന്ന ഉയർന്ന സ്കോർ. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ഷാ.
സചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വീരേന്ദർ സേവാഗ്, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിഖർ ധവാൻ, കരൺ കൗശൽ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
മുംബൈക്കായി നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഷാ. 2019-20 സീസണിൽ ഝാർഖണ്ഡിനെതിരെ 203 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് ഒന്നാമൻ. ലിസ്റ്റ് എയിൽ 200 നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡ് ഇപ്പോഴും ജയ്സ്വാളിന്റെ പേരിലാണ്.
ആസ്ട്രേലിയൻ പര്യടനത്തിലെ മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ നിന്ന് ഷാ തഴയപ്പെട്ടിരുന്നു. ഏകദിന ടീമിലേക്ക് ഷായെ നേരത്തെ പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയിൽ 105*, 34, 200* എന്നീ സ്കോറുകളുമായി മികച്ച ഫോമിൽ നിൽക്കുന്ന ഷാ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് വിളി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.