ദ്രാവിഡിന് കോവിഡ്; ഏഷ്യ കപ്പ് ടീമിനൊപ്പമില്ല
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏഷ്യ കപ്പ് ട്വന്റി20 ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമിനൊപ്പം ചേരാനായില്ല. ചൊവ്വാഴ്ചയാണ് ദ്രാവിഡ് ദുബൈയിലേക്ക് പോവാനിരുന്നത്. എന്നാൽ, യാത്രക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ അദ്ദേഹത്തിൽ വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. ചെറിയ ലക്ഷണങ്ങളുണ്ടെന്നും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ദ്രാവിഡെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. തുടർപരിശോധനകളിൽ അദ്ദേഹം കോവിഡ് മുക്തനായാൽ ടീമിനൊപ്പം ചേരുമെന്നും ഷാ വ്യക്തമാക്കി.
അതേസമയം, താൽക്കാലിക പരിശീലകൻ വി.വി.എസ്. ലക്ഷ്മണിനെ ഏഷ്യ കപ്പ് ദൗത്യവും ഏൽപിക്കാൻ ശ്രമം നടക്കുന്നുണ്ട്. സിംബാബ്‌വെയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഏകദിന പരമ്പരയിൽ ലക്ഷ്മണിനായിരുന്നു ചുമതല. ആവശ്യമെങ്കിൽ അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു. ബൗളിങ് പരിശീലകൻ പരസ് മാംബ്രെയും ബാറ്റിങ് പരിശീലകൻ വിക്രം റാത്തൂരും ടീമിനൊപ്പമുണ്ട്. ഇവർ ദ്രാവിഡുമായി കാര്യങ്ങൾ ഏകോപിപ്പിക്കും.
സഹപരിശീലകനെന്ന നിലയിൽ മാംബ്രെ ഇപ്പോൾ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കെ.എൽ. രാഹുലും ദീപക് ഹൂഡയും ഹരാരെയിൽ നിന്നും മറ്റു താരങ്ങൾ മുംബൈയിൽ നിന്നുമാണ് ദുബൈയിലേക്ക് പറന്നത്. ആഗസ്റ്റ് 28ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.