ശ്രീലങ്കക്കെതിരായ പ്രകടനം; സഞ്ജുവിനെ കുറിച്ച് ദ്രാവിഡിന് പറയാനുള്ളത് ഇതാണ്...!
text_fieldsശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ ഏറ്റവും പ്രതീക്ഷ വെച്ചിരുന്ന താരമായിരുന്നു സഞ്ജു സാംസൺ. മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലിടം നേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ഏറ്റവും നിരാശപ്പെടുത്തിയ താരമായി മാറി സഞ്ജു. ഏകദിന അരങ്ങേറ്റത്തിൽ 46 റണ്‍സ് നേടാൻ കഴിഞ്ഞ സഞ്ജുവിന് ടി20യില്‍ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 27 റണ്‍സ് നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ 13 പന്തില്‍ ഏഴ് റണ്‍സും മൂന്നാം മത്സരത്തില്‍ മൂന്ന് പന്തില്‍ പൂജ്യവുമായിരുന്നു സഞ്ജുവിെൻറ സ്‌കോര്‍.
ലങ്കക്കെതിരായ പ്രകടനം സഞ്ജുവിന് വലിയ തിരിച്ചടിയായി മാറുന്ന കാഴ്ച്ചയാണ് പിന്നീടുണ്ടായത്. ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളുമെല്ലാം സഞ്ജുവിെൻറ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് പോലും വിധിയെഴുതി. എന്നാൽ, താരത്തിന് ആശ്വാസം പകർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്.
'ശ്രീലങ്കൻ പര്യടനം വിശകലനം ചെയ്താൽ സഞ്ജുവിെൻറ കാര്യത്തിൽ നിരാശ തന്നെയായിരുന്നു ഫലം. എന്നാൽ, സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്നും കഴിവുള്ള താരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ടെന്നും' ദ്രാവിഡ് പറഞ്ഞു.
'സഞ്ജു ഉൾപ്പെടെയുള്ള യുവ താരങ്ങള്‍ക്ക് ആ പിച്ചില്‍ ബാറ്റ് ചെയ്യുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏകദിനത്തില്‍ സഞ്ജുവിന് ഒരു അവസരം ലഭിച്ചു. 46 റണ്‍സും അവൻ നേടി. ആദ്യ ടി20 യിലും തരക്കേടില്ലാതെ അവൻ ബാറ്റ് ചെയ്തു. അവസാന രണ്ട് ടി20 യിൽ പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു,' -ദ്രാവിഡ് അഭിപ്രായപ്പെട്ടു. 'സഞ്ജു മാത്രമല്ല , ഈ ടീമിലെ എല്ലാവരും നല്ല പ്രതിഭയുള്ള താരങ്ങളാണ്. അവര്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കണം'. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമേ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാൻ സാധിക്കുകയുള്ളൂവെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
സഞ്ജു ഇതുവരെ 10 ടി20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഒരു ഏകദിനവും. 2015 ൽ അരങ്ങേറിയിട്ടും ഇന്ത്യയ്ക്ക് വേണ്ടി വെറും 11 മത്സരങ്ങളിൽ മാത്രം സഞ്ജുവിന് കളിക്കാനായതിൽ പ്രധാനകാരണം സ്ഥിരതയില്ലായ്മയാണ്. 10 മത്സരങ്ങളിൽ നിന്ന് 117 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. 19,6,8,2,23,15,10,27,7,0 എന്നിങ്ങനെയാണ് കഴിഞ്ഞ 10 മത്സരങ്ങളിൽ സഞ്ജു നേടിയത്. സെപ്റ്റംബറിൽ പുനഃരാംരഭിക്കുന്ന ഐ.പി.എല്ലാണ് ഇനി സഞ്ജുവിന് തെൻറ കഴിവുകൾ കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം തുറക്കുന്നത്. രാജസ്ഥാൻ റോയൽസിെൻറ നായകനാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.