മഴ ഇടവേളയിൽ ലങ്കൻ നായകന് 'നുറുങ്ങുവിദ്യ' പകർന്ന് ദ്രാവിഡ്; വൈറലായി ഫോട്ടോ
text_fieldsകൊളംബോ: കളിക്കാരൻ, കോച്ച് എന്നീ നിലകളിൽ ക്രിക്കറ്റിൽ പേരെടുത്തയാളാണ് രാഹുൽ ദ്രാവിഡ്. ഗ്രൗണ്ടിനകത്തും പുറത്തും തന്‍റെ സൗമ്യമായ സ്വഭാവം കൊണ്ടും രാഹുൽ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റാറുണ്ട്. കൊളംബോയിൽ ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടയിൽ അത്തരമൊരു സംഭവമുണ്ടായി.
മഴയെത്തുടർന്ന് മത്സരം ഇടക്ക് നിർത്തിവെക്കേണ്ടി വന്നപ്പോൾ ലങ്കൻ നായകൻ ദാസുൺ ഷനാക്കയുമായി സംസാരിച്ച് കൊണ്ടിരിക്കുന്ന ദ്രാവിഡിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. എതിരാളികളോട് പോലും വിനയം കാണിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്ന ദ്രാവിഡിനെ പുകഴ്ത്തുകയാണ് ആരാധകർ.
അതേ സമയം പരമ്പരയിലെ അവസാന മത്സരത്തിനിടെ പെയ്ത മഴ ലങ്കക്ക് അനുഗ്രഹമായി. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ലങ്ക ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 226 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 39 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ ലക്ഷ്യം കണ്ടു. ഓപണർമാരായ അവിഷ്ക ഫെർണാണ്ടോയും (76) ഭനുക രാജപക്സേയുമാണ് (65) ലങ്കക്ക് ജയമൊരുക്കിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഇന്ത്യൻ വിജയം. രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ ദൗർബല്യങ്ങൾ എടുത്തു കാട്ടിയപ്പോൾ വാലറ്റക്കാരൻ ദീപക് ചഹറിന്‍റെ പോരാട്ട വീര്യത്തിന്‍റെ മികവിൽ തോറ്റെന്ന് കരുതിയ മത്സരം തിരിച്ചുപിടിച്ചു. പരമ്പര കൈയ്യിലെത്തിയതോടെ അവസാന മത്സരത്തിൽ പരീക്ഷണത്തിന് മുതിർന്ന ഇന്ത്യക്ക് പക്ഷേ തെറ്റി. അഞ്ച് പേർക്ക് അരങ്ങേറ്റത്തിന് ഇന്ത്യ അവസരം നൽകിയിരുന്നു.
ഞായറാഴ്ചയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്‍റി20 പരമ്പരയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.