‘ഇന്ത്യ ടെസ്റ്റിൽ അപകടകാരികൾ, പക്ഷെ ഇവിടെ ജയിക്കാൻ അത് പോര’ - കാരണം വ്യക്തമാക്കി ഡുപ്ലെസിസ്
text_fieldsസെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ബോക്സിങ് ഡേ എന്നറിയപ്പെടുന്ന ക്രിസ്മസ് പിറ്റേന്നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന സീനിയർ താരങ്ങളും നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നുണ്ട്. നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവരുടെ സാന്നിധ്യം ടീമിന് കരുത്തുപകർന്നേക്കും. ട്വന്റി പരമ്പര സമനിലയിൽ പിടിച്ചതും ഏകദിനത്തിൽ 2-1-ന് ജയം നേടിയതുമൊക്കെ ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും കാര്യങ്ങൾക്ക് ഇന്ത്യക്ക് എളുപ്പമാകില്ലെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ് പറയുന്നത്.
അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. എക്സ്ട്രാ ബൗൺസ് നിറഞ്ഞ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഇന്ത്യക്ക് ബാറ്റിങ് ബുദ്ധിമുട്ടായേക്കുമെന്നാണ് താരം പറയുന്നത്. ‘‘ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് വില്ലനാവുന്നത് ബൗണ്‍സാണ്. ഇവിടെയുള്ളത് എക്‌സ്ട്രാ ബൗണ്‍സ് നിറഞ്ഞ പിച്ചാണ്. ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്നും തീർത്തും വ്യത്യസ്തമാണത്’’. -ഡുപ്ലെസിസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് അതിവേഗ ബൗണ്‍സുകളെ നേരിട്ടുള്ള പരിചയമുണ്ട്. ഇന്ത്യന്‍ ബാറ്റർമാരെ സംബന്ധിച്ചിടത്തോളം കാര്യം വ്യത്യസ്തമാണ്. 2018ലെ പരമ്പരയില്‍ ഇന്ത്യ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഞാൻ ഓർക്കുന്നുണ്ട്. ഇന്ത്യന്‍ ബാറ്റർമാർ ഇവിടെ ക്ഷമ പാലിക്കേണ്ടതുണ്ട്, പിച്ചിന്റെ സ്വഭാവത്തെ ബഹുമാനിക്കുകയും ചെയ്യണം. എക്സ്ട്രാ ബൗൺസുള്ള ഷോര്‍ട്ട് ബോളുകൾ എങ്ങനെ അടിക്കണം, മോശം പന്തുകളെ എങ്ങനെ ഒഴിവാക്കണം എന്നതിൽ നിങ്ങൾക്ക് കൃത്യമാ പ്ലാൻ ഉണ്ടായിരിക്കണം'- ഡുപ്ലെസിസ് പറയുന്നു.
ഇന്ത്യയെ അപകടകാരികളായ ടെസ്റ്റ് ടീമായി വിലയിരുത്തിയ മുൻ പ്രോട്ടീസ് നായകൻ, ബൗളർമാരിലുള്ള പ്രതീക്ഷയും പങ്കുവെച്ചു. മാന്യമായ ടോട്ടലുകൾ പടുത്തുയർത്തുകയാണെങ്കിൽ ബൗളർമാർ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
‘റൺസാണ് സ്വർണം, ബോർഡിൽ ആവശ്യത്തിന് റൺസുണ്ടെങ്കിൽ വിജയിക്കാനുള്ള അവസരം ഏറെയാണ്. ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയേക്കാൾ കൂടുതൽ അനുഭവസമ്പത്തുണ്ട്, അവർ അപകടകരമായ ടെസ്റ്റ് ടീമാണ്. മാന്യമായ സ്കോർ നേടാൻ കഴിഞ്ഞാൽ, ബാക്കി കാര്യങ്ങൾ ബൗളർമാർ നോക്കും’ - താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.