ദുലീപ് ട്രോഫി: സെഞ്ചൂറിയൻ ഇന്ദ്രജിത്ത്; ദക്ഷിണ മേഖലക്ക് ലീഡ്
text_fieldsകോയമ്പത്തൂർ: ഒറ്റയാനായി കളി നയിച്ച് ശതകം പൂർത്തിയാക്കിയ ബാബ ഇന്ദ്രജിത്തിന്റെ ബാറ്റിങ് മികവിൽ ലീഡ് പിടിച്ച് ദക്ഷിണ മേഖല. 270 റൺസ് ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായ പശ്ചിമ മേഖലക്കെതിരെ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് എടുത്തു നിൽക്കുകയാണ് ദക്ഷിണ മേഖല.
എട്ടു വിക്കറ്റിന് 250 റൺസുമായി വ്യാഴാഴ്ച ബാറ്റിങ് പുനരാരംഭിച്ച പശ്ചിമ മേഖല നിരയിൽ ആദ്യം മടങ്ങിയത് ഹെറ്റ് പട്ടേലാണ്. സെഞ്ച്വറി തൊടാൻ നാലു റൺസ് മാത്രം മതിയായിരുന്ന താരത്തെ 98ൽ നിൽക്കെ സായ് കിഷോറാണ് മടക്കിയത്. ചിന്തൻ ഗജയെയും സായ് കിഷോർ തന്നെ പവലിയനിലെത്തിച്ചതോടെ 270ൽ ആദ്യ ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണ മേഖലക്കായി മലയാളി താരം രോഹൻ കുന്നുമ്മൽ മികച്ച തുടക്കമാണ് നൽകിയത്. വ്യക്തിഗത സ്കോർ 31ൽ നിൽക്കെ ഉനദ്കട്ടിന്റെ പന്തിൽ പട്ടേലിന് ക്യാച്ച് നൽകി രോഹൻ മടങ്ങി. ഹനുമ വിഹാരി 25 റൺസും ചേർത്തു. നാലാമനായി ബാബ ഇന്ദ്രജിത്ത് എത്തിയതോടെയാണ് ദക്ഷിണ മേഖല വീണ്ടും ഡ്രൈവിങ് സീറ്റിലായി. 125 നേരിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ 118 റൺസ്. മനീഷ് പാണ്ഡെ 48ഉം കൃഷ്ണപ്പ ഗൗതം 43ഉം റൺസ് നേടി. 26 എടുത്ത് രവി തേജയും ആറു റൺസുമായി സായ് കിഷോറുമാണ് ക്രീസിൽ. സെമിയിൽ വൻ സ്കോറിന് ഉത്തര മേഖലയെ മറികടന്നായിരുന്നു ദക്ഷിണ മേഖല ഫൈനലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.