ദുലീപ് ട്രോഫി: വീണ്ടും രോഹൻ തിളക്കം; ജയം മണത്ത് ദക്ഷിണ മേഖല
text_fieldsസേലം: ദുലീപ് ട്രോഫി സെമി ആദ്യ ദിനത്തിൽ സെഞ്ച്വറിത്തിളക്കവുമായി ദക്ഷിണ മേഖല ഇന്നിങ്സിന്റെ കപ്പിത്താനായി മുന്നിൽനിന്ന മലയാളി താരം രോഹൻ കുന്നുമ്മൽ മൂന്നാം ദിനത്തിലും ഹീറോ. കൂറ്റൻ ഒന്നാം ഒന്നിങ്സ് ലീഡുമായി വീണ്ടും ഇറങ്ങിയ ദക്ഷിണ മേഖലക്കായി രണ്ടാം ഇന്നിങ്സിൽ താരം അർധ സെഞ്ച്വറി കുറിച്ച് ടീമിനെ വിജയത്തിനരികെയെത്തിച്ചു.
മായങ്ക് അഗർവാളിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്ത് 72 പന്തിൽ 77 റൺസാണ് താരം സ്വന്തമാക്കിയത്. അർധ സെഞ്ച്വറി പിന്നിട്ട് മായങ്ക് ക്രീസിലുണ്ട്. ഒരു ദിനം ശേഷിക്കെ 580 റൺസാണ് ദക്ഷിണ മേഖലക്ക് ലീഡ്.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 630 റൺസെടുത്ത ദക്ഷിണ മേഖലക്കെതിരെ ഉത്തര മേഖല 207ലൊതുങ്ങി. ഏഴു വിക്കറ്റുമായി നിറഞ്ഞാടിയ സായ് കിഷോറാണ് കളിയുടെ മൂന്നാംനാൾ ഉത്തര മേഖലയുടെ പ്രതീക്ഷകൾ തകർത്തത്. കൃഷ്ണപ്പ ഗൗതം രണ്ടും തനയ് ത്യാഗരാജൻ ഒന്നും വിക്കറ്റ് വീഴ്ത്തി. ഉത്തര മേഖല ബാറ്റിങ്ങിൽ ഒരാൾ പോലും അർധ സെഞ്ച്വറി കടമ്പ കടന്നില്ല.
40 റൺസെടുത്ത മധ്യനിര താരം നിഷാന്ത് സിന്ധുവാണ് ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ദക്ഷിണ മേഖല അതിവേഗം റൺ അടിച്ചുകൂട്ടി എതിരാളികളെ ബാറ്റിങ്ങിന് വിടുകയെന്ന തന്ത്രമാണ് തുടക്കം മുതൽ സ്വീകരിച്ചത്. രോഹൻ- മായങ്ക് കൂട്ടുകെട്ട് പൊളിക്കാൻ ഇത്തവണയും ഉത്തര മേഖല ബൗളിങ് പ്രയാസപ്പെട്ടു.
ആദ്യദിനം കൂട്ടുകെട്ടിന്റെ ചൂടറിഞ്ഞ മുൻനിര ബൗളർ നവ്ദീപ് സെയ്നി ഇന്നലെ എറിഞ്ഞില്ല. ഫസ്റ്റ് ക്ലാസിൽ ചെറിയ സമയത്തിനകം നാലു സെഞ്ച്വറികൾ പിന്നിട്ട രോഹൻ ഇത്തവണയും മൂന്നക്കം കടക്കുമെന്ന് തോന്നിച്ചെങ്കിലും സിന്ധുവിന്റെ പന്തിൽ ഖംറാൻ ഇഖ്ബാലിന് ക്യാച്ച് നൽകി മടങ്ങി.
ദുലീപ് ട്രോഫിയിൽ ആദ്യമായി ശതകം തികച്ച മലയാളി താരമെന്ന റെക്കോഡ് 24 കാരൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. രോഹനും സഞ്ജുവും വിഷ്ണു വിനോദും സചിൻ ബേബിയുമുൾപ്പെട്ട നിരയുടെ കരുത്തിൽ ഇത്തവണ കേരളം ആഭ്യന്തര ക്രിക്കറ്റിൽ പുതിയ ഉയരങ്ങൾ കുറിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.