ദുലീപ് ട്രോഫി; ഉത്തര മേഖലയെ 645 റൺസിന് തകർത്ത് ദക്ഷിണ മേഖല ഫൈനലിൽ
text_fieldsസേലം: തകർത്തടിച്ചും പിന്നെ നിർദയം എറിഞ്ഞിട്ടും രോഹൻ കുന്നുമ്മലും സംഘവും എതിരാളികളെ നിലംപരിശാക്കിയ ഏകപക്ഷീയ പോരാട്ടത്തിൽ റെക്കോഡ് ജയത്തോടെ ദക്ഷിണ മേഖല ദുലീപ് ട്രോഫി ഫൈനലിൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ജയവുമായി 645 റൺസിനാണ് സേലം എസ്.സി.എഫ് മൈതാനത്ത് ഉത്തര മേഖലയെ തകർത്തുവിട്ടത്. കളിയുണരുംമുന്നേ ഫലം സുനിശ്ചിതമായിരുന്ന നാലാം നാൾ രവി തേജയുടെ സെഞ്ച്വറിയോടെയാണ് ദക്ഷിണ മേഖല തുടങ്ങിയത്.
മായങ്ക് 63ഉം ബാബ ഇന്ദ്രജിത്ത് 12ഉം മനീഷ് പാണ്ഡെ 26ഉം റൺസുമായി രവി തേജക്ക് കൂട്ടുനൽകി. ഒന്നാം ഇന്നിങ്സിൽ രോഹൻ കുന്നുമ്മൽ, ഹനുമ വിഹാരി, റിക്കി ഭുൽ എന്നിവരുടെ സെഞ്ച്വറി കരുത്തിൽ 630 റൺസ് വാരിക്കൂട്ടിയ ദക്ഷിണ മേഖല രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. 740 റൺസ് എന്ന എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യത്തിനുമുന്നിൽ തോൽക്കാതെ പിടിച്ചുനിന്ന് സമനിലയിലേക്ക് തുഴഞ്ഞെത്താമെന്ന മോഹവുമായി ഇറങ്ങിയ ഉത്തര മേഖലയുടെ നെഞ്ചകം പിളർത്തി ഒന്നാം ഇന്നിങ്സ് ഹീറോ സായ് കിഷോറും സംഘവും കാര്യങ്ങൾ തകിടംമറിച്ചു. 14 ഓവറിൽ 28 റൺസ് മാത്രം വിട്ടുനൽകി സായ് കിഷോർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ തനയ് ത്യാഗരാജൻ 12 റൺസിൽ അത്രതന്നെ പേരെ മടക്കി. ഗൗതമും മൂന്നു വിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സിൽ ഏഴു പേരെ കൂടാരം കയറ്റിയ സായ് കിഷോറിന് കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് 10 വിക്കറ്റ് ആഘോഷവേദി കൂടിയായി മത്സരം. 94 റൺസിന് ഉത്തര മേഖലയുടെ എല്ലാവരും പുറത്തായതോടെ ദക്ഷിണമേഖലയെ തേടിയെത്തിയത് ചരിത്ര ജയം. യാഷ് ധൾ മാത്രമാണ് (58 പന്തിൽ 59) ഉത്തര മേഖലക്കായി അൽപമെങ്കിലും പിടിച്ചുനിന്നത്. എട്ടു പേർ രണ്ടക്കം കാണാതെ പുറത്തായി.
ബുധനാഴ്ച കോയമ്പത്തൂരിൽ ആരംഭിക്കുന്ന കലാശപ്പോരിൽ അജിങ്ക്യ രഹാനെ നയിക്കുന്ന പടിഞ്ഞാറൻ മേഖലയാണ് ദക്ഷിണ മേഖലക്ക് എതിരാളികൾ. മധ്യമേഖലയെ 279ന് മറികടന്നാണ് പടിഞ്ഞാറൻ മേഖല ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.