"ദിവസവും എട്ടുകിലോ മട്ടൻ കഴിക്കുന്നുണ്ടാകും"; പാകിസ്താൻ ടീം അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് വസീം അക്രം
text_fieldsചെന്നൈ: പാകിസ്താൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് ഇതിഹാസ താരം വസീം അക്രം. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെയാണ് ടീമിനെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും രൂക്ഷമായി വിമർശിച്ചത്. പ്രഫഷണൽ താരങ്ങൾക്ക് വേണ്ട ഫിറ്റ്നസ് ഇല്ലാതെയാണ് കളത്തിലിറങ്ങിയതെന്നും ഫീൽഡിങ്ങിൽ അത് വ്യക്തമാണെന്നും അക്രം പറഞ്ഞു.
ഫീൽഡിങ് ഒരു കളിക്കാരന്റെ ഫിറ്റ്‌നസ് ലെവലിന് നേരിട്ട് ആനുപാതികമാണ്, അവിടെയാണ് ടീം കണ്ണാടിയിൽ തങ്ങളെത്തന്നെ നന്നായി നോക്കേണ്ടതെന്ന് അക്രം പറഞ്ഞു.
തിങ്കളാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടുവിക്കറ്റിനാണ് അഫ്ഗാൻ പാകിസ്താനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ എഴു വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തെങ്കിലും 49 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ ലക്ഷ്യം കാണുകയായിരുന്നു.
"ഇത് നാണക്കേടാണ്. രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 280-ൽ എത്തുക എന്നത് വളരെ വലിയ കാര്യമാണ്. പിച്ചിൽ നനവുണ്ടോ ഇല്ലയോ എന്നതല്ല, ഫീൽഡിങ്, ഫിറ്റ്നസ് ലെവലുകൾ നോക്കൂ. കഴിഞ്ഞ രണ്ട് വർഷമായി ഒരു ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടില്ല. ഞാൻ ഓരോ പേരുകൾ എടുക്കാൻ തുടങ്ങിയാൽ, അവർക്ക് പിടിക്കില്ല. ഇവർ ദിവസവും എട്ടു കിലോ മട്ടൻ കഴിക്കുന്നുണ്ടെന്ന് തോന്നുന്നു". - അക്രം തുറന്നടിച്ചു.
"പ്രഫഷണലായി നിങ്ങൾ പണം വാങ്ങുന്നു, നിങ്ങളുടെ രാജ്യത്തിനായി കളിക്കുന്നു. അതിന് ഒരു നിശ്ചിത മാനദണ്ഡം ഉണ്ടായിരിക്കണം. മിസ്ബാഹ് പരിശീലകനായിരിക്കുമ്പോൾ ആ മാനദണ്ഡം ഉണ്ടായിരുന്നു. അതുകൊണ്ട് കളിക്കാർ അവനെ വെറുത്തിരുന്നു." - അക്രം പറഞ്ഞു.
അതേസമയം, പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തെ അക്രം കുറ്റപ്പെടുത്തുകയും ചെയ്തു. ദയവായി ആദ്യം രാജ്യത്തെ കുറിച്ച് ചിന്തിക്കൂവെന്ന് പി.സി.ബിയോടുള്ള അഭ്യർത്ഥനയിൽ അക്രം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.