ന്യൂസിലൻഡിൽ കടുവ ഗർജനം; ലോകചാമ്പ്യൻമാരെ വീഴ്ത്തിയത് എട്ടുവിക്കറ്റിന്
text_fieldsമൗണ്ട് മോംഗനൂയി: ലോകജേതാക്കളായ ന്യൂസിലൻഡിനെ അവരുടെ മണ്ണിൽ എട്ടുവിക്കറ്റിന് തകർത്ത് ബംഗ്ലാദേശ് ചരിത്രം തിരുത്തി. ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിനെതിരെ ഒമ്പതാം സ്ഥാനക്കാരായ കടുവകളുടെ അട്ടിമറി. രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 40 റൺസ് മാത്രം വേണ്ടിയിരുന്ന സന്ദർശകർ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. കഴിഞ്ഞ നാലുവർഷത്തിനിടെ സ്വന്തം മണ്ണിൽ ആദ്യമായാണ് കിവീസ് പരാജയം രുചിക്കുന്നത്.
ന്യൂസിലൻഡിലെ ബംഗ്ലാദേശിന്‍റെ ആദ്യ ടെസ്റ്റ് വിജയമാണിത്. 61എവേ ടെസ്റ്റുകളിൽ ഇത് ആറാമത്തെ മാത്രം വിജയവുമാണ്. ഇതോടെ രണ്ടുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി.
വെറും 46 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈന്‍റെ ബൗളിങ് മികവിൽ ബംഗ്ലാദേ് ആതിഥേയരെ രണ്ടാം ഇന്നിങ്സിൽ 169 റൺസിന് പുറത്താക്കുകയായിരുന്നു.
വിവിധ ഫോർമാറ്റുകളിലായി ന്യൂസിലൻഡിൽ കളിച്ച 32 മത്സരങ്ങളിലും ബംഗ്ലാദേശിന് തോൽവിയായിരുന്നു ഫലം. സ്വന്തം മണ്ണിൽ പാകിസ്താനോട് തകർന്നടിഞ്ഞതിന് പിന്നാലെയാണ് ന്യൂസിലൻഡിലേക്ക് വണ്ടി കയറിയത്. എന്നാൽ ആത്മവിശ്വാസത്തോടെ കിവീസിനെ നേരിട്ട കടുവകൾ എന്നെന്നും ഓർമിക്കാൻ സാധിക്കുന്ന വിജയം സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിൽ കിവീസ് 328 റൺസ് നേടി. മോമിനുൽ ഹഖ് (88), മഹ്മൂദുൽ ഹസൻ ജോയ് (78), നജ്മുൽ ഹുസൈൻ ഷാന്‍റോ (64), ലിട്ടൺ ദാസ് (86), മെഹ്ദി ഹസൻ (47) എന്നിവരുടെ മികവിൽ 478 റൺസ് പടുത്തുയർത്തി ബംഗ്ലാദേശ് 130 റൺസിന്‍റെ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ വിൽ യങ് (69), റോസ് ടെയ്ലർ (40) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ പ്രതിരോധിച്ച് നിന്നത്. നാലുപേർ ഡക്കായി.
40 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സന്ദർശകരെ നജ്മുൽ ഹുസൈൻ (17), മോമിനുൽ ഹഖ് (13 നോട്ടൗട്ട്), മുഷ്ഫിഖുർ റഹീം (അഞ്ച് നോട്ടൗട്ട്) എന്നിവർ ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു. ഇബാദത്ത് ഹുസൈനാണ് കളിയിയിലെ താരം. ഞായറാഴ്ച മുതൽ ക്രൈസ്റ്റ്ചർച്ചിലാണ് രണ്ടാം ടെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.