ഈ റൺ ഗാർഡനിൽ
text_fieldsകൊൽക്കത്ത: 2014 നവംബർ 13 അത്ര പെട്ടെന്നൊന്നും ശ്രീലങ്കൻ ടീം മറക്കാൻ സാധ്യതയില്ലാത്ത ദിവസമാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരം ഈഡൻ ഗാർഡനിൽ നടക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 404 റൺസ്.
ഏകദിനത്തിൽ 400നു മുകളിൽ സ്കോർ ചെയ്യുന്നത് വലിയ സംഭവമല്ലാതായി മാറിക്കഴിഞ്ഞ കാലമായിരുന്നെങ്കിലും ഓപണറായി ഇറങ്ങി രോഹിത് ശർമ 173 പന്തിൽ നേടിയ 264 റൺസ് എട്ടു വർഷത്തിനിപ്പുറത്തും റെക്കോഡാണ്. രോഹിതിന്റെ ബാറ്റിൽനിന്ന് പിന്നെയും പിറന്ന ഇരട്ട ശതകം 240 പോലും കടക്കാൻ മറ്റൊരു ബാറ്റർക്കും ഇന്നോളം കഴിഞ്ഞിട്ടില്ല.
ഇതേ സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മുഖാമുഖം വരുമ്പോൾ രോഹിത് നായകന്റെയും ഓപണറുടെയും ഇരട്ട ചുമതലയിലാണ്. ആദ്യ കളിയിൽ തോറ്റ് പരമ്പരയിൽ പിന്നിലായ സന്ദർശകർക്ക് പ്രതീക്ഷവെക്കാൻ ജയം അനിവാര്യം.
സെഞ്ച്വറിയുമായി വിരാട് കോഹ്ലി നിറഞ്ഞാടുന്നതിന് മികച്ച തുടക്കംനൽകിയാണ് ഗുവാഹതിയിൽ കഴിഞ്ഞ ദിവസം രോഹിതും ശുഭ്മാൻ ഗില്ലും കൂടാരം കയറിയത്. ഇവരുടെകൂടി സംഭാവനകളുടെ ബലത്തിൽ 370നു മുകളിലെത്തി ടീം ടോട്ടൽ. മറുപടിയിൽ ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞു. മികച്ച ഇക്കണോമിയിൽ രണ്ടു വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് സിറാജ്.
മറ്റൊരു ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനു കിട്ടി മൂന്ന് ഇരകളെ. ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ എന്നിവരുടെ ഇക്കണോമിയും ആറിൽ താഴെയായിരുന്നു. ലങ്കൻ ക്യാപ്റ്റൻ ദസുൻ ശാനകയുടെ ഒറ്റയാൻ പോരാട്ടവും ശതകവും അവരെ വലിയ തോൽവിയിൽനിന്ന് രക്ഷിച്ചു. വിജയിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് ഇന്ത്യ മുതിരാൻ സാധ്യതയില്ല.
സാധ്യത ടീം:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ/സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ/കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്/ഉമ്രാൻ മാലിക്.
ശ്രീലങ്ക: ദസുൻ ശാനക (ക്യാപ്റ്റൻ), കുശാൽ മെൻഡിസ്, പാതും നിസ്സാങ്ക, അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക, വാനിന്ദു ഹസരംഗ ഡി സിൽവ, ചാമിക കരുണരത്നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക/ലാഹിറു കുമാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.