എമിറേറ്റ്സ് ഒരുങ്ങി; െഎ.പി.എല്ലിന് ശനിയാഴ്ച തുടക്കം
text_fieldsദുബൈ: കടമ്പകളെല്ലാം കടന്ന്, സ്വപ്നം യാഥാർഥ്യമാവുന്നു. കോവിഡ് മഹാമാരിയിൽ ക്ലീൻബൗൾഡാവുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസൺ പോരാട്ടങ്ങളെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങി. എമിറേറ്റ്സിലെ മൂന്നു നഗരങ്ങളിൽ നടക്കുന്ന െഎ.പി.എല്ലിന് ശനിയാഴ്ച കൊടിയേറും.
അബൂദബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംൈബ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലെ അങ്കത്തോടെ ക്രിക്കറ്റ് ആരാധകരുടെ പൂരത്തിന് തുടക്കമാവുകയായി. നവംബർ 10 വരെ നീളുന്ന, 60 മത്സരങ്ങളുടെ ചാമ്പ്യൻഷിപ്പിന് ദുബൈ, ഷാർജ, അബൂദബി നഗരങ്ങളിലെ മൂന്നു സ്റ്റേഡിയങ്ങൾ വേദികളാവും.
കോവിഡ് വെല്ലുവിളി മറികടന്നും ക്വാറൻറീൻ പരീക്ഷണം അതിജയിച്ചും ടീമുകളെല്ലാം പോരാട്ടച്ചൂടിലായി. എട്ടു ടീമുകളും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലായി ബയോബബ്ൾ സുരക്ഷ ഉൾക്കൊണ്ട് പരിശീലനത്തിരക്കിലാണ്. മൂന്നു സ്റ്റേഡിയങ്ങൾ, െഎ.സി.സി അക്കാദമി എന്നിവിടങ്ങളിലായാണ് പരിശീലനം പുരോഗമിക്കുന്നത്.രണ്ട് കളിക്കാർ ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ചെന്നൈയും ഇപ്പോൾ ആശങ്കവിട്ട് മത്സരച്ചൂടിലായി.
എല്ലാം സുസജ്ജം -ഗാംഗുലി
ബി.സി.സി.െഎ പ്രസിഡൻറ് സൗരവ് ഗാംഗുലിയും സംഘവും െഎ.പി.എൽ മത്സരവേദികളുടെ ഒരുക്കം വിലയിരുത്തി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ച ചിത്രം പങ്കുവെച്ച ഗാംഗുലി െഎ.പി.എല്ലിന് ആതിഥേയത്വം വഹിക്കാൻ വേദികൾ ഒരുങ്ങിയതായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ അവിസ്മരണീയ പ്രകടനങ്ങൾക്ക് സാക്ഷിയായ സ്റ്റേഡിയം പൂർണമായും സന്ദർശിച്ച ഗാംഗുലിയും സംഘവും ഒരുക്കത്തിൽ മതിപ്പ് പ്രകടിപ്പിച്ചു.
മുൻ ഇന്ത്യൻ നായകനായിരുന്ന ഗാംഗുലി ഇവിടെ 26 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. െഎ.പി.എൽ ചെയർമാൻ ബ്രിജേഷ് പേട്ടൽ, മുൻ ചെയർമാൻ രാജീവ് ശുക്ല, ബി.സി.സി.െഎ ജോയൻറ് സെക്രട്ടറി ജയേഷ് ജോർജ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഭാരവാഹികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ക്വാറൻറീൻ കുറക്കണമെന്ന് ഇംഗ്ലണ്ട്, ആസ്ട്രേലിയ താരങ്ങൾ
ന്യൂഡൽഹി: ക്വാറൻറീൻ കാലാവധി കുറക്കണമെന്നാവശ്യപ്പെട്ട് െഎ.പി.എല്ലിനുള്ള ഇംഗ്ലണ്ട്, ആസ്ട്രേലിയ താരങ്ങൾ. ഇംഗ്ലണ്ടിൽ ഏകദിന പരമ്പര കളിക്കുന്ന താരങ്ങൾ 17ന് മാത്രമേ ദുബൈയിലെത്തൂ. ആറു ദിവസത്തെ ക്വാറൻറീനാണ് ബി.സി.സി.െഎ നിർദേശിച്ചത്.
ഇതുപ്രകാരം സെപ്റ്റംബർ 23ന് മാത്രമേ ഇവർക്ക് ടീമുകൾക്കൊപ്പം ചേരാൻ കഴിയൂ. നിലവിൽ ദേശീയ ടീമിനൊപ്പം ബയോബബ്ൾ സുരക്ഷ പാലിക്കുന്ന തങ്ങൾക്ക് ക്വാറൻറീൻ കാലാവധി മൂന്നു ദിവസമായി ചുരുക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമിലെ 21 പേരാണ് െഎ.പി.എല്ലിനുള്ളത്.
സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ഒാപണർ ജോണി ബെയർസ്റ്റോ, കൊൽക്കത്തയുടെ ഒയിൻ മോർഗൻ, പാറ്റ് കമ്മിൻസ് തുടങ്ങി മുൻനിര താരങ്ങൾക്കെല്ലാം ആദ്യ മത്സരങ്ങൾ നഷ്ടമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.