ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ടീമിലെടുത്തില്ല; ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ വിരമിച്ചു
text_fieldsലണ്ടൻ: ഇടക്കാലത്ത് ട്വന്‍റി20 ക്രിക്കറ്റിൽ ബാറ്റിങ് വിസ്ഫോടനം തീർത്ത ഇംഗ്ലീഷ് താരം ഡേവിഡ് മലൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ആസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടാനാകാതെ വന്നതോടെയാണ് 37കാരനായ താരം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 2020 സെപ്റ്റംബറിൽ ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന മലൻ, ഇംഗ്ലണ്ടിനായി 22 ടെസ്റ്റ്, 30 ഏകദിന, 62 ട്വന്‍റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടിയിട്ടുള്ള രണ്ട് ഇംഗ്ലണ്ട് താരങ്ങളിൽ ഒരാളാണ് മലൻ. ജോസ് ബട്ട്ലറാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു ഇംഗ്ലിഷ് താരം. 2017ൽ ട്വന്‍റി20 അരങ്ങേറ്റ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 78 റൺസ് നേടിയാണ് മലൻ വരവറിയിച്ചത്. ന്യൂസീലൻഡിനെതിരെ 48 പന്തിൽ നേടിയ സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്‍റെ ട്വന്‍റി20 ടീമിൽ മലൻ സ്ഥിര സാന്നിധ്യമായി.
2020 സെപ്റ്റംബറിൽ ലോക ഒന്നാംനമ്പർ ടി20 ബാറ്ററായ മലൻ, 24 ഇന്നിങ്സിൽനിന്ന് 1000 റൺസ് നേടി റെക്കോഡിട്ടു. 2022 ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു. ആദ്യ 15 ഏകദിന മത്സരത്തിൽനിന്ന് അഞ്ച് സെഞ്ചറി നേടിയ മലൻ, 2023 ഏകദിന ലോകകപ്പിൽ ജേസൺ റോയ്ക്ക് പകരം ഇംഗ്ലണ്ടിന്‍റെ ഓപ്പണറായി. ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും ടൂർണമെന്‍റിൽ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.