അടിച്ച് തകർത്ത് ബെയർസ്റ്റോയും സ്റ്റോക്സും; രണ്ടാം ഏകദിനം അനായാസം ഇംഗ്ലണ്ടിന്
text_fieldsപൂണെ: ആദ്യ ഏകദിനത്തിലെ പിഴവ് ഏതായാലും ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ആവർത്തിച്ചില്ല. മുൻനിര നൽകിയ മികച്ച തുടക്കം വിജയകരമായി ഫിനിഷ് ചെയ്യുന്നതിൽ മധ്യനിര വിജയിച്ചതോടെ ഇന്ത്യയെ ആറുവിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് ഒപ്പമെത്തി.
കെ.എൽ. രാഹുൽ (108), വിരാട് കോഹ്ലി (66), ഋഷഭ് പന്ത് (77) എന്നിവരുടെ ബാറ്റിങ് മികവിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം 43.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. അടിച്ചുതകർത്ത് ബാറ്റുചെയ്ത ജോണി ബെയർസ്റ്റോ (124), ബെൻ സ്റ്റോക്സ് (99), ജാസൺ റോയ് (55) എന്നീ മുൻനിര ബാറ്റ്സ്മാൻമാരാണ് ഇംഗ്ലണ്ടിന് മിന്നും വിജയം സമ്മാനിച്ചത്.
സ്റ്റോക് തീർന്നില്ലെന്ന് ഇംഗ്ലണ്ട്
കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മോഹിപ്പിക്കുന്ന തുടക്കമാണ് ഓപണർമാർ സമ്മാനിച്ചത്. 12 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ അവർ 64 റൺസിലെത്തി. പരമ്പരയിൽ ഫോമിലെത്താതിരുന്ന ജാസൺ റോയ് സിക്സടിച്ച് ഫിഫ്റ്റി ആേഘാഷിച്ചു. തൊട്ടുപിന്നാലെ തുടർബൗണ്ടറികളുമായി ജോണി ബെയർസ്റ്റോയും അർധശതകം തികച്ചു. വ്യക്തിഗത സ്കോർ 55ൽ എത്തിനിൽക്കേ റോയ്യെ റണ്ണൗട്ടാക്കി രോഹിത് ശർമയാണ് കൂട്ടുകെട്ട് വേർപിരിച്ചത്.
ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് 110 റൺസാണ് ചേർത്തത്. രണ്ടാം വിക്കറ്റിൽ ഇംഗ്ലീഷ് ഇന്നിങ്സിന്റെ നട്ടെല്ലായ പാർട്നർഷിപ്പ് പിറന്നു. ഇതിനിടെ സിക്സടിച്ച് ബെയർസ്റ്റോ തന്‍റെ 11ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി. ബെൻ സ്റ്റോക്സ് കൂടി അർധശതകം പൂർത്തിയാക്കിയതോടെ മത്സരത്തിന്‍റെ നിയന്ത്രണം ഇംഗ്ലണ്ടിനായി. 117 പന്തിൽ നിന്നും 175 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിൽ എത്തിച്ചത്.
എന്നാൽ 52 പന്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 99 റൺസ് വാരിക്കൂട്ടിയ സ്റ്റോക്സിന് ഒരുറൺസകലെ അർഹിച്ച സെഞ്ച്വറി നഷ്ടമായി. 10 സിക്സും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സ്റ്റോക്സിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
തൊട്ടടുത്ത ഓവറിൽ ബെയർസ്റ്റോയെയും നായകൻ ജോസ് ബട്ലറിനെയും (0) പുറത്താക്കി പ്രസീദ് കൃഷ്ണ സന്ദർശകരെ സമ്മർദ്ദത്തിലാക്കി. എന്നാൽ റൺറേറ്റിൽ ഏറെ മുന്നിലെത്തിയിരുന്ന ഇംഗ്ലണ്ടിനെ പിന്നോട്ടടിക്കാൻ അത് പോരായിരുന്നു. അരങ്ങേറ്റക്കാരൻ ലയാം ലിവിങ്സ്റ്റണും (27) ഡേവിഡ് മലാനും (16) ടീമിനെ 39 പന്തുകൾ ബാക്കി നിൽക്കേ വിജയതീരമണച്ചു.
വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ; വൺഡൗണായി 10,000 തികച്ച് കോഹ്ലി
വാളെടുത്തവരെല്ലാം വെളിച്ചപ്പാടായതോടെ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച ടോട്ടൽ പടുത്തുയർത്തി. കെ.എൽ രാഹുൽ ശതകം പൂർത്തിയാക്കിയ കളിയിൽ ഏകദിനത്തിലെ സ്വപ്നനേട്ടമായ 10,000 റൺസ് കടന്ന് വിരാട് കോഹ്ലിയും (66 റൺസ്) അതിവേഗ 77 റൺസുമായി ഋഷഭ് പന്തും ഇന്ത്യൻ പടയോട്ടത്തിന് അഗ്നി പകർന്നു.
രോഹിത് ശർമക്കൊപ്പം ഓപണിങ് ജോഡിയായി ഇറങ്ങിയ ശിഖർ ധവാൻ നാലു റൺസ് മാത്രമെടുത്തു മടങ്ങിയെങ്കിലും പിറകെ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനവുമായി കാഴ്ചയുടെ വിരുന്നൊരുക്കി. 25 പന്തിൽ 25 റൺസുമായി രോഹിത് മികച്ച തുടക്കമിട്ടപ്പോൾ മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്ലി 79 പന്തിൽ 66 റൺസ് നേടി. ഏകദിനത്തിൽ 10,000 റൺസ് എന്ന ചരിത്രവും സ്വന്തമാക്കിയാണ് കോഹ്ലി മടങ്ങിയത്.
മൂന്നാമനായി ഇറങ്ങി റൺ സമ്പാദ്യം അഞ്ചക്കം കടക്കുന്ന താര ബഹുമതി റിക്കി പോണ്ടിങ് മാത്രമാണ് മുമ്പ് സ്വന്തമാക്കിയിരുന്നത്. പോണ്ടിങ് 330 കളികളിൽ നേടിയത് 12,662 റൺസ്. കോഹ്ലിയാകട്ടെ, 190ാം ഇന്നിങ്സിൽ 10,000 കടന്നുവെന്ന നേട്ടവുമുണ്ട്. കെ.എൽ രാഹുലും കോഹ്ലിയും ചേർന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യൻ ബാറ്റിങ്ങിന് രാജകീയ കുതിപ്പ് പകർന്നത്.
അതിവേഗ അർധ സെഞ്ച്വറിയുമായി മധ്യനിരയിൽ കരുത്തുകാട്ടിയ ഋഷഭ് പന്ത് 40 പന്ത് മാത്രം നേരിട്ട് നേടിയത് 77 റൺസ്. ഏറ്റവുമൊടുവിൽ ഒന്നിച്ച പാണ്ഡ്യ സഹോദരന്മാർ അതിവേഗം റൺ വാരിക്കൂട്ടി ഇന്ത്യൻ ടോട്ടൽ കഴിഞ്ഞ ഏകദിനത്തിനും മേലെയെത്തിച്ചു. ഹാർദിക് 16 പന്തിൽ 35 റൺസ് എടുത്തപ്പോൾ ക്രുനാൽ ഒമ്പത് പന്തിൽ 12 റൺസുമെടുത്തു.
രണ്ടു വിക്കറ്റുകൾ വീതമെടുത്ത് റീസ് ടോപ്ലി, ടോം കറൻ എന്നിവരും ഓരോ വിക്കറ്റുമായി സാം കറൻ, ആദിൽ റശീദ് എന്നിവരും ഇംഗ്ലീഷ് ബൗളിങ്ങിൽ മികവു കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.