ശ്രീലങ്കയെ നാലു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട്; ആസ്ട്രേലിയക്ക് കണ്ണീർ മടക്കം; സെമി കാണാതെ പുറത്ത്
text_fieldsസിഡ്‌നി: ട്വന്‍റി20 ലോകകപ്പിൽ സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ നാലു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ. ഇതോടെ മുൻ ചാമ്പ്യന്മാരും ആതിഥേയരുമായ ആസ്ട്രേലിയ സെമി കാണാതെ പുറത്തായി.
ലങ്ക കുറിച്ച 142 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് രണ്ടു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സ്കോർബോർഡ്. ശ്രീലങ്ക -20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 141. ഇംഗ്ലണ്ട് -19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144. ബെൻ സ്റ്റോക്സിന്‍റെ അപരാജിത ഇന്നിങ്സാണ് (36 പന്തിൽ 42) ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഓപ്പണർമാരായ ജോസ് ബട്ലറും ഹെയിൽസും ടീമിന് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 75 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ബട്ലർ 23 പന്തിൽ 28 റൺസെടുത്തു.
ഹെയിൽസ് 47 റൺസുമായി മടങ്ങി. പിന്നാലെ വന്നവരെല്ലാം വേഗത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ഒരു വശത്ത് സ്റ്റോക്സ് പിടിച്ചുനിന്നു. ലങ്കക്കായി ലഹിരു കുമാര, വാനിന്ദു ഹസരംഗ, ധനഞ്ജയ ഡി സിൽവ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ, ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ പതും നിസാൻകയുടെ പ്രകടനമാണ് ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. താരം 45 പന്തിൽ 67 റൺസെടുത്തു.
സ്‌കോർ 36ൽ നിൽക്കെ കുശാൽ മെൻഡിസ് പുറത്തായി. പിന്നീടെത്തിയ ധനഞ്ജയുമൊത്ത് നിസാൻക സ്‌കോർ ഉയർത്തി. 72ൽ എത്തിനിൽക്കെ ധനഞ്ജയയും പുറത്തായി. പിന്നീടെത്തിയ രജപക്‌സ ഒഴികെയുള്ള ബാറ്റർമാരെല്ലാം രണ്ടടക്കം കാണാതെ പുറത്തായതോടെ ശ്രീലങ്ക 141ൽ ഒതുങ്ങി.
ഗ്രൂപ് ഒന്നിൽനിന്ന് ന്യൂസിലാൻഡ് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകൾ ഗ്രൂപ്പിൽ ഏഴു പോയിന്‍റുണ്ട്. റൺ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് കീവീസും ഇംഗ്ലണ്ടും സെമിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.