തകർത്തെറിഞ്ഞ് കറനും റഷീദും; പാകിസ്താനെ 137ൽ പൂട്ടി ഇംഗ്ലണ്ട്
text_fieldsമെൽബൺ: ലോകകിരീടത്തിലേക്ക് അടിച്ചു തകർക്കാനൊരുങ്ങിയ പാകിസ്താനെ 137 റൺസിൽ തളച്ച് ഇംഗ്ലണ്ട്. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലണ്ടിനു മുന്നിൽ കൂറ്റനടികൾ സാധ്യമാവാതെ കുഴങ്ങിയ പാക് നിരയിൽ ഷാൻ മസൂദ് (28 പന്തിൽ 38), ക്യാപ്റ്റൻ ബാബർ അസം (28പന്തിൽ 32), ഷദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ഇന്നിങ്സിൽ മൊത്തം പിറന്നത് രണ്ടു സിക്സറുകൾ മാത്രം.
ഓപണിങ്ങിൽ ബാബറും റിസ്‍വാനും ചേർന്ന് 29 റൺസ് ചേർത്തെങ്കിലും സാം കറന്റെ പന്തിൽ ക്ലീൻ ബൗൾഡായി റിസ്‍വാൻ മടങ്ങി. വൺ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് 12 പന്തിൽ എട്ടുറൺസെടുത്ത് ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബാബറും മസൂദും 39 റൺസിന്റെ കൂട്ടുകെട്ടുമായി മുന്നോട്ടു നീങ്ങവെ 12ാം ഓവറിലെ ആദ്യ പന്തിൽ പാക് ക്യാപ്റ്റനെ റഷീദ് സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. രണ്ടു ഫോറടക്കമാണ് ബാബർ 32 റൺസെടുത്തത്. രണ്ടു ഫോറും ഒരു സിക്സുമടക്കം 38ലെത്തിയ മസൂദ് 17ാം ഓവറിൽ കൂടാരം കയറിയതോടെ പാകിസ്താൻ അഞ്ചിന് 121 എന്ന നിലയിലായി. ഷദാബ് രണ്ടു ഫോറക്കമാണ് 20ലെത്തിയത്. അവസാന ഘട്ടത്തിൽ വിക്കറ്റുകൾ വീണതോടെ 150 കടക്കാമെന്ന പാക് മോഹങ്ങളും പച്ചതൊട്ടില്ല.
നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങിൽ തിളങ്ങിയത്. ക്രിസ് ജോർഡാൻ 27 റൺസിന് രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 32 റൺസെടുക്കുന്നതിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. രണ്ട് പന്തിൽ ഒരു റൺസെടുത്ത ഓപണർ അലക്സ് ഹെയിൽസിന്റെ കുറ്റി ഷാഹിൻ അഫ്രീദി തെറിപ്പിച്ചപ്പോൾ ഒമ്പത് പന്തിൽ 10 റൺസെടുത്ത ഫിൽ സാൾട്ടിനെ ഹാരിസ് റഊഫിന്റെ പന്തിൽ ഇഫ്തിഖാർ അഹ്മദ് പിടിച്ച് പുറത്താക്കുകയായിരുന്നു. നാലോവറിൽ രണ്ടിന് 32 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 11 പന്തിൽ 20 റൺസുമായി ജോസ് ബട്‍ലറും റൺസെടുക്കാതെ ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.