എതിരാളികളെ പേടിപ്പെടുത്താത്ത ബൗളിങ്, അവർ കളിക്കാത്തത് ഭാഗ്യം; ടെസ്റ്റ് തോൽവിയിൽ മുൻ ഇംഗ്ലണ്ട് ഇതിഹാസം
text_fieldsഇന്ത്യക്കു മുന്നിൽ ടെസ്റ്റ് പരമ്പര 4-1ന് അടിയറവെച്ചതിന്‍റെ നാണക്കേടിലാണ് ഇംഗ്ലണ്ട്. പേരുകേട്ട സൂപ്പർതാരങ്ങളെല്ലാം ടീമിന് പുറത്തിരുന്നിട്ടും ഇന്ത്യൻ യുവനിരയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ഇംഗ്ലീഷ് താരങ്ങൾക്കു പിടിച്ചുനിൽക്കാനായില്ല.
പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട്, ബാക്കിയുള്ള നാലു മത്സരങ്ങളും തോൽക്കുന്നതാണ് കണ്ടത്. അഞ്ചാമത്തെ ടെസ്റ്റിൽ ഇന്നിങ്സിനും 64 റൺസിനുമായിരുന്നു തോൽവി. ഇംഗ്ലണ്ടിന്‍റെ ദുര്‍ബലമായ ബൗളിങ് നിരയെ മുൻ ഇതിഹാസ താരം ജെഫ് ബോയ്കോട്ട് രൂക്ഷമായാണ് വിമർശിച്ചത്. ബെൻ സ്റ്റോക്സും സംഘവും പരമ്പരയിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിൽ അത്ഭുതമൊന്നുമില്ലെന്നും ഇംഗ്ലണ്ടിന്‍റെ ബൗളിങ് നിര എതിരാളികളെ പേടിപെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇംഗ്ലണ്ട് ബൗളിങ് നിര എതിരാളികൾക്ക് ഒരു പേടിസ്വപ്നമായിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കാര്യമായ ബൗളിങ് പരിചയമില്ലാത്ത യുവതാരങ്ങളായ ടോം ഹാര്‍ട്‌ലിയും ശുഐബ് ബഷീറുമാണ് സ്പിന്നർമാരായി ടീമിലുണ്ടായിരുന്നത്. കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയാത്ത പേസര്‍ മാര്‍ക്ക് വുഡ് ആയിരുന്നു പ്രധാന പേസര്‍. കരിയര്‍ അവസാനത്തിലെത്തിയിരിക്കുന്ന വെറ്ററൻ പേസർ ജെയിംസ് ആന്‍ഡേഴ്സണെ പരിമിതമായാണ് ഉപയോഗിക്കാനായത്. പന്തെറിയാൻ ഫിറ്റല്ലാതിരുന്ന ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും അടങ്ങുന്നതായിരുന്നു ഇംഗ്ലണ്ടിന്‍റെ ബൗളിങ് നിര. 4-1ന് തോറ്റതില്‍ അത്ഭുമൊന്നും ഇല്ല’ -ടെലഗ്രാഫിലെഴുതിയ കോളത്തില്‍ ബോയ്കോട്ട് അഭിപ്രായപ്പെട്ടു.
പരമ്പരയിലെ ടോപ് ഫൈവ് വിക്കറ്റ് വേട്ടക്കാരില്‍ ഒരേയൊരു ഇംഗ്ലണ്ട് താരം മാത്രമാണ് ഉള്‍പ്പെട്ടത്. അഞ്ചു മത്സരങ്ങളിൽനിന്ന് 22 വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്‌ലിയാണ് ടീമിന്‍റെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ. ഇന്ത്യന്‍ നിരയില്‍ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ഇല്ലാതിരുന്നത് വലിയ ഭാഗ്യമായിരുന്നു. എന്നിട്ടും ഇംഗ്ലണ്ടിന് ഇന്ത്യയെ പരാജയപ്പെടുത്താനായില്ലെന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.