ന്യൂസിലാൻഡിന് പിന്നാലെ ഇംഗ്ലണ്ടും പരമ്പര പിൻവലിച്ചു; പാകിസ്താൻ ക്രിക്കറ്റിന് വീണ്ടും ആഘാതം
text_fieldsഇസ്ലാമാബാദ്: മത്സരത്തിന് ടോസിടാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം പര്യടനത്തിൽ നിന്നും പിന്മാറിയതിന്റെ അലയൊലികൾ അടങ്ങും മുേമ്പ പാകിസ്താന് വീണ്ടും തിരിച്ചടി. തങ്ങളുടെ പുരുഷ-വനിത ടീമുകളുടെ പാകിസ്താൻ പര്യടനം റദ്ദാക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) അറിയിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്നാണ് ഇ.സി.ബി അറിയിച്ചു.
ഒക്ടോബറിൽ ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നതിന് മുന്നോടിയായി പാകിസ്താനിൽ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കാൻ നേരത്തേ ഇംഗ്ലണ്ട് സമ്മതം അറിയിച്ചിരുന്നു. ഇതും വനിത ടീമിന്റെ പര്യടനവുമാണ് ഉപേക്ഷിച്ചത്.
ഈ സാഹചര്യത്തിൽ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത് ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ടീമിന് ഭൂഷണമായിരിക്കില്ലെന്ന് ഇ.സി.ബി പ്രതികരിച്ചു. സ്വന്തം രാജ്യത്ത് ക്രിക്കറ്റ് മടക്കിക്കൊണ്ടുവരാൻ തീവ്രപരിശ്രമം നടത്തുന്ന പാകിസ്താന്റെ സങ്കടം മനസ്സിലാക്കുന്നു. പാകിസ്താൻ ക്രിക്കറ്റിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്ക് തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും ഇ.സി.ബി പറഞ്ഞു. 2022ൽ പര്യടനം നടത്തുന്നത് ആലോചിക്കുന്നുണ്ടെന്നും ഇ.സി.ബി പറഞ്ഞു.ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും പാകിസ്താൻ ക്രിക്കറ്റ് ശക്തമായി തിരിച്ചുവരുമെന്നും റമിസ് രാജ പ്രതികരിച്ചു.
റാവൽപിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സുരക്ഷ കാരണങ്ങൾ പറഞ്ഞ് ന്യൂസിലൻഡ് ടീം പരമ്പരയിൽനിന്നു പിന്മാറിയത്. ന്യൂസിലൻഡ് സർക്കാർ നൽകിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നായിരുന്നു ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വിശദീകരിക്കുന്നത്.
18 വർഷത്തെ ദീർഘമായ ഇടവേളക്കു ശേഷമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തിയത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻറി 20 യും അടക്കമുള്ള എട്ടു മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നുവരെ റാവൽപിണ്ടിയിലും ലാഹോറിലുമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കളി നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയും ഇരു ടീമുകളും പരിശീലനം നടത്തുകയും ചെയ്തതുമാണ്. മൂന്നു മണിക്കായിരുന്നു കളി നടക്കേണ്ടത്. എന്നാൽ, ഇരു ടീമുകളും ഹോട്ടലിൽനിന്ന് പുറത്തേക്ക് പോയില്ല. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചതുമില്ല.
'പര്യടനം ഇങ്ങനെ ഉപേക്ഷിക്കേണ്ടിവരുന്നത് പാക് ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് ഞങ്ങൾക്കറിയാം. മികച്ച രീതിയിൽ അവർ ഞങ്ങളെ സ്വീകരിക്കുകയും ചെയ്തതാണ്. വേദികൾ മത്സരങ്ങൾക്ക് സജ്ജമാവുകയും സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുമുണ്ട്. പക്ഷേ, ഞങ്ങളുടെ കളിക്കാരുടെ സുരക്ഷ ഞങ്ങൾക്ക് ഏറെ പ്രധാനമാണ്. അതുകൊണ്ട് പരമ്പരയിൽനിന്നു പിന്മാറുകയല്ലാതെ വേറേ വഴിയില്ല'- ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞത് ഇപ്രകാരമാണ്. എന്നാൽ, എന്തു സുരക്ഷ പ്രശ്നമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.