ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്; ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം
text_fieldsധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. മധ്യനിരയിൽ തുടർച്ചയായി അവസരം ലഭിച്ചിട്ടും പരജയമായ രജത് പാട്ടിദാറിന് പകരം മലയാളിയായ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചതാണ് ഇന്ത്യൻ ടീമിലെ പ്രധാന മാറ്റം. നാലാം ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തുകയും ആകാശ് ദീപ് പുറത്താവുകയും ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് പടിക്കൽ ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറാനായിരുന്നില്ല. ഇംഗ്ലണ്ട് നിരയിൽ ഒലീ റോബിൻസണ് പകരം മാർക് വുഡ് ഇടംപിടിച്ചു.
അവസാന മത്സരവും ജയിച്ച് പരമ്പര 4-1ന് നേടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് നിലയിലെ മുൻതൂക്കത്തിന് കനംകൂട്ടാനാണ് രോഹിത് ശർമയും സംഘവും ഇറങ്ങുന്നത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലീഷ് ടീം ഒന്നാം ടെസ്റ്റിൽ ജയിച്ചതിനുശേഷം ഏറ്റുവാങ്ങിയത് ഹാട്രിക് തോൽവിയാണ്. പരമ്പരയിൽ മാനംകാത്തു മടങ്ങണമെങ്കിൽ സന്ദർശകർക്ക് വിജയത്തിൽ കുറഞ്ഞൊന്നും ആവശ്യമില്ല.
ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. പാട്ടീദാർ നിറംമങ്ങിയതും അരങ്ങേറ്റത്തിൽ കത്തിക്കയറിയ സർഫറാസ് ഖാൻ പിന്നോട്ടുപോയതും ഒഴിച്ചാൽ കാര്യങ്ങൾ ഭദ്രമാണ്. യശസ്വി ജയ്സ്വാളും രോഹിത് ശർമയും ശുഭ്മൻ ഗില്ലും ധ്രുവ് ജുറെലുമെല്ലാം വിശ്വാസം കാക്കുന്നുണ്ട്, ഓൾറൗണ്ടറായ രവീന്ദ്ര ജദേജയും. പേസ് ബൗളിങ് നയിക്കാൻ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടുണ്ട്. സ്പിന്നർമാരായി ജദേജയും ആർ. അശ്വിനും കുൽദീപ് യാദവുമുണ്ട്.
െപ്ലയിങ് ഇലവൻ -ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, ടോം ഹാർട്ലി, മാർക് വുഡ്, ജെയിംസ് ആൻഡേഴ്സൺ, ശുഐബ് ബഷീർ.
അശ്വിനും ജോണിക്കും നൂറാം ടെസ്റ്റ്
ഇന്ത്യൻ സ്പിൻ ഇതിഹാസങ്ങളിൽ പേര് ചേർത്ത രവിചന്ദ്രൻ അശ്വിൻ നൂറാം ടെസ്റ്റിനാണ് ഇറങ്ങിയത്. ഈ പരമ്പരയിൽ ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടവും കുറിച്ചിരുന്നു അശ്വിൻ. അനിൽ കുംബ്ലെക്കു പുറമെ 500 വിക്കറ്റ് ക്ലബിലെത്തിയ ഒരേയൊരു ഇന്ത്യക്കാരൻ. തന്നെ സമ്മർദത്തിലാക്കിയാൽ താൻ മറുഭാഗത്തുള്ളവരെ അഞ്ചിരട്ടി സമ്മർദത്തിലാക്കുമെന്നാണ് കഴിഞ്ഞ ദിവസം 37കാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ജോണി ബെയർസ്റ്റോയും കളിച്ച ടെസ്റ്റുകളുടെ എണ്ണത്തിൽ മൂന്നക്കത്തിലേക്ക് കടന്നു. ടെസ്റ്റിൽ 6000 റൺസ് തികക്കാൻ താരത്തിന് വേണ്ടത് ഇനി 26 റൺസ് മാത്രം. കേപ്ടൗണിലെ ന്യൂലാൻഡ്സാണ് ഇഷ്ട സ്റ്റേഡിയമെങ്കിലും ധരംശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയംപോലെ മനോഹരമായ മറ്റൊന്നില്ലെന്ന് ജോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.