ഇന്ത്യയുടെ അടിവേരിളക്കി ജോ റൂട്ട്
text_fieldsചെന്നൈ: ആസ്ട്രേലിയൻ മണ്ണിലെ അഭ്യാസമൊന്നും ഇന്ത്യക്ക് സ്വന്തം മണ്ണിൽ വിലപ്പോവുന്നില്ല. പേസും സ്പിന്നും ചേർത്ത് വിരാട് കോഹ്ലി ഒരുക്കിയ കെണികൾക്ക് മുകളിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും നിറഞ്ഞാടിയപ്പോൾ ചെപ്പോക്കിൽ ഇംഗ്ലീഷുകാർ കൂറ്റൻ സ്കോറിലേക്ക്. കരിയറിലെ 100ാം ടെസ്റ്റിന് ഇരട്ട സെഞ്ച്വറികൊണ്ട് അലങ്കാരം തീർത്ത ക്യാപ്റ്റൻ ജോ റൂട്ട് തന്നെ (218 റൺസ്) സന്ദർശകരുടെ ആർകിടെക്ട്.
ഒപ്പം, വെടിക്കെട്ടുമായി ബെൻ സ്റ്റോക്സും (82) , മധ്യനിരയിൽ ദേഭപ്പെട്ട സംഭാവനയുമായി ഒലി പോപ്പും (34), ജോസ് ബട്ലറും (30), ഡൊമിനിക് ബെസസും (28 നോട്ടൗട്ട്) ചേർന്നതോടെ ഇംഗ്ലണ്ട് എട്ടിന് 555 റൺസ് എന്ന നിലയിൽ. ഇന്ത്യൻ ബൗളർമാർ 180ഓവർ എറിഞ്ഞ് തളർന്നിട്ടും ഡിക്ലയർ ചെയ്യാനുള്ള തീരുമാനമൊന്നുമില്ലാെതയാണ് ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.
വണ്ടർ ഇന്നിങ്സ്
വെള്ളിയാഴ്ചയിലെ അവസാന പന്തിൽ ഡൊമനിസ് സിബ്ലി (87) പുറത്തായിടത്തുനിന്നാണ് ഇംഗ്ലണ്ട് കളി തുടർന്നത്. റൂട്ടിന് കൂട്ടായി ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് ഏകദിന ശൈലിയിലാണ് തുടങ്ങിയത്. ബുംറയെ ബൗണ്ടറി പായിച്ച് ടെൻഷൻ ഫ്രീയാക്കി. സ്ട്രൈയ്റ്റ് ഡ്രൈവിലൂടെ അശ്വിനെ സിക്സറിന് പറത്തിക്കൊണ്ട് അടുത്ത റൺസും കുറിച്ചു.
വെടിക്കെട്ടാണ് വഴിയെന്ന് സ്റ്റോക്സ് മുന്നറിയിപ്പ് നൽകിയപ്പോൾ, ക്രിക്കറ്റിലെ ഭാവിതലമുറക്ക് മുന്നിൽ ഇന്ത്യൻപിച്ചിൽ സ്പിന്നിനെ എങ്ങനെ മെരുക്കാമെന്നതിെൻറ റഫറൻസ് ഇന്നിങ്സ് സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു റൂട്ട്. അശ്വിൻ, വാഷിങ്ടൺ, ഷഹബാസ് നദീം സ്പിൻ ത്രയത്തിന് ഒരു അവസരം പോലും നൽകാതെ റൂട്ട് ക്രീസിൽ ആഴ്ന്നിറങ്ങി.
ബുംറയെയും ഇശാന്തിനെയും ബഹുമാനിച്ചുകൊണ്ടായിരുന്നു ഇന്നിങ്സ്. ബഹളങ്ങളൊന്നുമില്ലാതെ ഒഴുകുന്ന നീർച്ചാലുപോലെ റൂട്ടിെൻറ ഇന്നിങ്സ് ഇരട്ട ശതകത്തിലേക്ക് അടുത്തു. പലപ്പോഴും, ഗള്ളിയിൽ വരിഞ്ഞിട്ട ഇന്ത്യൻ ഫീൽഡർമാരുടെ ക്ഷമപോലും പരീക്ഷിക്കപ്പെട്ടു. സ്വീപ്പ് ഷോട്ടുകളിൽ പന്ത് ഗ്രൗണ്ടിെൻറ നാലു ദിക്കിേലക്കും പായിച്ചു. ഇതിനിടയിൽ ഒരിക്കൽപോലും ആ ബാറ്റിൽനിന്നും തെറ്റായൊരു ഷോട്ടും പിറന്നില്ലെന്നതായിരുന്നു അവിശ്വസനീയം. റൺഔട്ടിനുള്ള അവസരങ്ങൾ ഇന്ത്യൻഫീൽഡർമാരും പാഴാക്കി.
മറുതലക്കൽ, മൂന്നോളം ക്യാച്ചുകളിൽനിന്നും രക്ഷപ്പെട്ട സ്റ്റോക്സ് 118 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സറുമായി 82 റൺസെടുത്തു. സ്കോർ 387ലെത്തിയപ്പോൾ സ്റ്റോക്സ് ഷഹബാസിെൻറ പന്തിൽ പുജാരക്ക് പിടികൊടുത്ത് മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പിളർന്നത്. പിന്നീട്, ഒലി പോപിനൊപ്പമായി റൂട്ടിെൻറ റൺവേട്ട. ഒടുവിൽ അശ്വിനെ ക്രീസ് വിട്ടിറങ്ങി സിക്സറിലേക്ക് പറത്തി 200ഉം തികച്ചു. അധികം വൈകാതെ നദീമിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി റൂട്ട് മടങ്ങി.
ഒമ്പതു മണിക്കൂർ നീണ്ട ഇന്നിങ്സിൽ 377 പന്ത് നേരിട്ട് ചരിത്ര നേട്ടവുമായി മടക്കം. 170ാം ഓവറിൽ ഹാട്രിക് ചാൻസുമായി തുടർച്ചയായി രണ്ടു പന്തിൽ ഇശാന്ത് ജോസ്ബട്ലറെയും (30), ജൊഫ്രആർച്ചറിനെയും (0) ക്ലീൻബൗൾഡാക്കി. ഇശാന്ത് ശർമ, ജസ്പ്രീത് ബുംറ, അശ്വിൻ, ഷഹബാസ് നദീം എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.