'ഇന്ത്യയിലേക്ക് മടങ്ങിപ്പോ'; താരങ്ങൾക്കും ആരാധകർക്കും നേരെ വംശീയാധിക്ഷേപവുമായി ഇംഗ്ലീഷ് ഫാൻസ്
text_fieldsനോട്ടിങ്ഹാം: 2020-21 സീസണിലെ ഇന്ത്യയുെട ആസ്ട്രേലിയൻ പര്യടനം സംഭവബഹുലമായിരുന്നു. മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപമുയർന്ന സംഭവം ക്രിക്കറ്റ് ലോകം മറന്ന് വരുന്നതേയുള്ളൂ.
പൊതുവെ മാന്യൻമാരായ കാണികളെന്നാണ് ഇംഗ്ലണ്ടുകാരെ വിലയിരുത്താറുള്ളത്. എതിരാളികളുടെ മികച്ച പ്രകടനത്തെ വരെ അഭിനന്ദിക്കുന്ന പാരമ്പര്യമായിരുന്നു ഇംഗ്ലീഷ് ആരാധകർക്ക്. ഇംഗ്ലണ്ടിൽ നിന്ന് വംശീയാധിക്ഷേപത്തിന്‍റെ വാർത്തകൾ പൊതുവേ വരാത്തതാണ്. എന്നാൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ നടന്ന സംഭവങ്ങൾ ഇവയെല്ലാം തള്ളുന്നതായിരുന്നു. ഒരു ബ്രിട്ടീഷ് ഇന്ത്യൻ വനിതയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇംഗ്ലീഷ് ആരാധകർ ഇന്ത്യൻ കളിക്കാർക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ കാര്യം തുറന്ന് പറഞ്ഞത്.
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെയായിരുന്നു ആദ്യം വംശീയാധിക്ഷേപം ഉയർന്നത്. റിവ്യൂ നഷ്ടപ്പെടുത്തിയതോടെ നായകൻ വിരാട് കോഹ്ലിക്ക് നേരെയായി അധിക്ഷേപം. സന്ദർശകരെ മടിയൻമാരെന്നും ചതിയൻമാരെന്നുമാണ് കാണികൾ വിശേഷിപ്പിച്ചത്.
ഇന്ത്യൻ ടീമിനെതിരെ അധിക്ഷേപം തുടർന്നപ്പോൾ ഒരു ആരാധിക അത് നിർത്താൻ ആവശ്യെപട്ടു. എന്നാൽ നിങ്ങൾ ഏത് രാജ്യക്കാരിയാണെന്നായിരുന്നു അവരോടുള്ള ചോദ്യം. കുറച്ചെങ്കിലും മാന്യത കാണിച്ചു കൂടേയെന്ന് ചോദിച്ചപ്പോൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകാനായിരുന്നു മറുപടി.
പിന്നാലെ അവർ സംഭവം ഗ്രൗണ്ട് ഒഫീഷ്യൽസിനെ അറിയിച്ചു. തൊട്ടുപിന്നാലെ 31കാരനായ ഒരാളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി. ശേഷം യുവതിയും കുടുംബവും ഇന്ത്യൻ ആരാധകർ നിന്ന ഭാഗത്തേക്ക് മാറിയെങ്കിലും ഇംഗ്ലീഷ് ആരാധകർ അധിക്ഷേപം തുടർന്നു. ഡെൽറ്റ എന്ന് വിളിച്ചാണ് അവർ അധിക്ഷേപം തുടർന്നത്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദമായ 'ഡെൽറ്റ'യെയാണ് ഉദ്ദേശിച്ചത്. ബ്രിട്ടൻ അടക്കം യൂറോപ്യൻരാജ്യങ്ങളിൽ ഡെൽറ്റ വകഭേദമാണ് ഇപ്പോൾ കനത്ത നാശം വിതക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.