‘എന്തിനാണ് കോച്ചുമാർ മത്സരത്തിൽ ഇടപെടുന്നത്...’; ഗംഭീറിനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ
text_fieldsലഖ്നോ സൂപ്പർ ജയന്‍റ്സ് മെന്‍ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ. കഴിഞ്ഞദിവസം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള മത്സരത്തിനിടെ വിരാട് കോഹ്ലിയും ഗംഭീറും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ലഖ്നോ ബാറ്റിങ്ങിനിടെ 17ാം ഓവറിലാണ് പ്രശ്നങ്ങളുടെ തുടക്കം. കോഹ്ലിലിയും നവീനുൽ ഹഖും തമ്മിലായിരുന്നു പ്രശ്നം. പിന്നാലെ മത്സരശേഷം പരസ്പരം കൈകൊടുക്കുമ്പോഴും ഇരുവരും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ടീം മെന്ററായ ഗംഭീറും ഇടപെട്ടു. തുടർന്ന് കോഹ്ലിയും ഗംഭീറും തമ്മിലായി വാക്കുതർക്കം. ഒടുവിൽ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ ഇടപെട്ടാണ് ഇവരെ നിയന്ത്രിച്ചത്.
മത്സരത്തിൽ കളത്തിൽ താരങ്ങൾ തമ്മിൽ തർക്കം ഉണ്ടാകാറുണ്ടെന്നും എന്തിനാണ് കോച്ചുമാർ ഇതിൽ ഇടപെടുന്നതെന്നും വോൺ ചോദിച്ചു. ‘കളിക്കാർ തമ്മിൽ ചെറിയ രീതിയിൽ തർക്കിക്കുന്നത് ഞാൻ കാര്യമാക്കുന്നില്ല. അത് മത്സരത്തിലുണ്ടാകാറുണ്ട്. നിങ്ങൾക്ക് ഇത് എല്ലാ ദിവസവും കാണാൻ താൽപര്യമുണ്ടാകില്ല, പക്ഷേ പരിശീലകർ അതിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. കോച്ചോ, കോച്ചിങ് ഡിപ്പാർട്ട്‌മെന്റിന്റെ ഏതെങ്കിലും ഭാഗമോ മത്സരത്തിൽ ഇടപെടുന്നത് ഞാൻ കണ്ടിട്ടില്ല. മൈതാനത്തെ കാര്യങ്ങൾ അവിടെ അവസാനിക്കണം. രണ്ട് കളിക്കാർ തമ്മിൽ തർക്കമുണ്ടായാൽ, അവർ അത് പരിഹരിക്കണം. കോച്ചുമാർ ഡഗൗട്ടിലോ ഡ്രസ്സിംഗ് റൂമിലോ തന്ത്രങ്ങൾ നോക്കണം’ -വോൺ ക്രിക്ബസ്സിനോട് പറഞ്ഞു.
ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കോഹ്ലിക്കും ഗംഭീറിനുമെതിരെ സംഘാടകർ പിഴ ചുമത്തിയിരുന്നു. മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ 18 റൺസിനാണ് ബാംഗ്ലൂർ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.