അത് വലിയ അബദ്ധമാകും...; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് നായകൻ
text_fieldsഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ഹൈദരാബാദിൽ ആരംഭിക്കും. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യൻ ടീമിലെ പേസർമാർ. സ്പിന്നർമാരായി കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ എന്നിവരും ടീമിലുണ്ട്.
ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇംഗ്ലണ്ട് ടീം ഇതിനകം പ്രഖ്യാപിച്ചു. ഏവരെയും അമ്പരപ്പിച്ച് ഒറ്റ പേസറെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയത്. പകരം മൂന്ന് സ്പെഷലിസ്റ്റ് സ്പിന്നർമാരെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തി. പിച്ച് സ്പിന്നിന് അനുകൂലമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെക്കോഡ് വിക്കറ്റ് വേട്ടക്കാരൻ ജെയിംസ് ആൻഡേഴ്സനെ വരെ പുറത്തിരുത്തിയാണ് സ്പിൻ ബൗളർമാർക്ക് ടീമിൽ മുൻതൂക്കം നൽകിയത്. എന്നാൽ, സ്പിൻ ബൗളിങ്ങിനെ കൈവിട്ട് സഹായിക്കുന്ന പിച്ചുകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യൻ ടീമിന് അബദ്ധമാകുമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ മുന്നറിയിപ്പ് നൽകി.
ടേണിങ്ങിനെ സഹായിക്കുന്ന പിച്ച് ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീഷിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് വോൺ പറയുന്നത്. ‘മത്സരത്തിലെ ആദ്യ പന്തു തന്നെ സ്പിൻ ബൗളിങ്ങിനെ തുണക്കുന്നത് വലിയ അബദ്ധമാകുമെന്ന് കരുതുന്നു. പിച്ച് സ്പിന്നിന് അനുകൂലമായതിനാലാണ് ജാക്ക് ലീഷിനെയും മറ്റു സ്പിന്നർമാരെയും ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയത്. ജദേജയേക്കാൾ മികച്ച സ്പിന്നറാണോ ലീഷ് എന്ന് ചോദിച്ചാൽ അല്ല. പക്ഷേ, ലീഷിന് ടേണിങ് പിച്ച് നൽകുകയും, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയുമാണെങ്കിൽ അവൻ മികച്ച പ്രകടനം നടത്തും’ -മൈക്കൽ വോൺ പറഞ്ഞു.
സ്പന്നിനെ കൈവിട്ട് സഹായിക്കുന്ന പിച്ച് ഇന്ത്യൻ ബാറ്റിങ് ദുഷ്കരമാക്കും, ഇംഗ്ലണ്ടിന് അവരെ ഓൾ ഔട്ടാക്കാനുള്ള അവസരം ലഭിക്കുമെന്നും വോൺ അഭിപ്രായപ്പെട്ടു. മാർക് വുഡ് ആണ് ഇംഗ്ലണ്ട് ടീമിലെ ഏക പേസർ. വിസ പ്രശ്നങ്ങളെ തുടർന്ന് ഇടം നഷ്ടമായ ഷുഐബ് ബഷീറിന് പകരം ഇടംകൈയൻ സ്പിന്നർ ടോം ഹാർട്ട്‍ലി അരങ്ങേറ്റം കുറിക്കും. ജാക്ക് ലീഷിനു പുറമെ, രെഹാൻ അഹ്മദാണ് ടീമിലെ മൂന്നാമത്ത സ്പിന്നർമാർ. 1962ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ ഒരേയൊരു പേസറുമായി ഇറങ്ങുന്നത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒലീ പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹ്മദ്, ടോം ഹാർട്ട്‍ലി, മാർക് വുഡ്, ജാക്ക് ലീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.