ശുഐബ് ബഷീറിന് അരങ്ങേറ്റം, ആൻഡേഴ്സണും ടീമിൽ; രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
text_fieldsന്യൂഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും പുതുമുഖ താരം ശുഐബ് ബഷീറുമാണ് പ്ലെയിങ് ഇലവനിൽ പുതുതായി ഇടംനേടിയത്.
മാർക്ക് വുഡിനു പകരക്കാരനായാണ് ആൻഡേഴ്സൺ ടീമിലെത്തിയത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പുറത്തായ ജാക് ലീഷിനു പകരക്കാരനായി ടീമിലെത്തിയ ബഷീറിന് ഇത് അരങ്ങേറ്റ മത്സരമാണ്. വെള്ളിയാഴ്ച വിശാഖപട്ടണത്താണ് മത്സരം. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയിട്ടും ഇംഗ്ലണ്ട് 28 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു. ഫീൽഡിങ്ങിനിടെയാണ് ജാക് ലീഷിന് കാൽമുട്ടിന് പരിക്കേൽക്കുന്നത്. തുടർന്ന് മത്സരത്തിൽ 10 ഓവർ പന്തെറിയുകയും കൂടി ചെയ്തതാണ് താരത്തിന്‍റെ പരിക്ക് ഗുരുതരമാക്കിയത്.
ഇന്ത്യ വിസ അനുവദിക്കാൻ വൈകിയതിനെ തുടർന്നാണ് ശുഐബ് ബഷീറിന് ഒന്നാം ടെസ്റ്റ് നഷ്ടമായത്. രക്ഷിതാക്കളുടെ പാകിസ്താൻ ബന്ധം ചൂണ്ടിക്കാട്ടിയാണ് വിസ അനുവദിക്കുന്നത് നീണ്ടുപോയത്. തുടർന്ന് യു.എ.ഇയിലുണ്ടായിരുന്ന താരം നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് താരത്തിന് വിസ അനുവദിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ബഷീറിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ടോം ഹാർട്ട്ലിയുടെ സ്പിൻ കെണിയിൽ കുടുങ്ങിയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട്, ഒലീ പോപ്, ജോണി ബെയർസ്റ്റോ, ബെന് ഫോക്സ്, റെഹാൻ അഹ്മദ്, ടോം ഹാർട്ട്ലി, ശുഐബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.