ഐ.പി.എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് സൂപ്പർതാരം! വിലക്ക് ലഭിച്ചേക്കും
text_fieldsഐ.പി.എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി. മെഗാ ലേലത്തിൽ വിളിച്ചെടുത്ത ഇംഗ്ലണ്ട് സൂപ്പർതാരം ഹാരി ബ്രൂക്ക് ഐ.പി.എല്ലിൽ നിന്നും പിന്മാറി. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ബ്രൂക്ക് ഐ.പി.എല്ലില്‍ നിന്നും പിന്മാറുന്നത്. ഇതോടെ ഐപിഎല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് ബ്രൂക്കിനെ ബി.സി.സി.ഐ വിലക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. അങ്ങനെയാണെങ്കിൽ ഐ.പി.എല്ലിൽ രണ്ടd വർഷത്തെ ബാൻ ലഭിക്കുന്ന ആദ്യ താരമാകും ബ്രൂക്ക്.
ഇംഗ്ലണ്ട് ക്രിക്കറ്റിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാനും തയ്യാറെടുക്കാനുമാണ് ഐ.പി.എല്ലിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് ബ്രൂക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘വരാനിരിക്കുന്ന ഐപിഎല്‍ സീസണിൽ നിന്ന് പിന്മാറാനുള്ള വളരെ ബുദ്ധിമുട്ടുള്ള തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനോടും അവരുടെ ആരാധകരോടും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. എനിക്ക് ക്രിക്കറ്റ് വളരെ ഇഷ്ടമാണ്. ചെറുപ്പം മുതൽ എന്റെ രാജ്യത്തിനായി കളിക്കണമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു, ഈ തലത്തിൽ എനിക്ക് ഇഷ്ടപ്പെട്ട കളി കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.
"എനിക്ക് വിശ്വാസമുള്ള ആളുകളുടെ മാർഗ്ഗനിർദ്ദേശത്തോടെ, ഞാൻ സമയമെടുത്ത് ഗൗരവമായി പരിഗണിച്ചെടുത്ത തീരുമാനമാണ് ഇത്. ഇംഗ്ലണ്ട് ക്രിക്കറ്റിന് ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതിൽ ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാകാൻ ആഗ്രഹിക്കുന്നു. ഇത് ചെയ്യുന്നതിന്, എന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും തിരക്കേറിയ കാലഘട്ടത്തിന് ശേഷം എനിക്ക് വീണ്ടും ഊർജ്ജം ലഭിക്കാൻ സമയം ആവശ്യമാണ്. എല്ലാവർക്കും മനസിലാകില്ലെന്ന് എനിക്കറിയാം, എല്ലാവരും മനസിലാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, പക്ഷേ ശരിയെന്ന് ഞാൻ വിശ്വസിക്കുന്നത് ഞാൻ ചെയ്യുന്നു, എന്റെ രാജ്യത്തിനായി കളിക്കുക എന്നതാണ് എന്റെ മുൻഗണനയും ശ്രദ്ധയും. എനിക്ക് ലഭിച്ച അവസരങ്ങൾക്കും എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്,' ബ്രൂക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മെഗാതാരലേലത്തിൽ 6.25 കോടി രൂപക്കാണ് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. മുത്തശ്ശിയുടെ മരണത്തെത്തുടര്‍ന്ന് 2024 ഐ.പി.എല്ലില്‍ നിന്നും ബ്രൂക്ക് പിന്മാറിയിരുന്നു. 2025-26ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പ്ലെയര്‍ റെഗുലേഷന്‍ പ്രകാരം ഒരു കളിക്കാരന്‍ പിന്മാറിയാല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടിവരുമെന്ന് ബി.സി.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.