ഒടുവിൽ ഇംഗ്ലണ്ട് സ്പിന്നർ ശുഐബ് ബഷീറിന് വിസ; ഉടൻ ഇന്ത്യയിലേക്ക് തിരിക്കും
text_fieldsദുബൈ: പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ വന്നതോടെ നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് സ്പിന്നർ ശുഐബ് ബഷീറിന് ഒടുവിൽ ഇന്ത്യ വിസ അനുവദിച്ചു. ഈ ആഴ്ച തന്നെ താരം ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്നും ടീമിനൊപ്പം ചേരുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അധികൃതർ അറിയിച്ചു.
പ്രശ്നം പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പരമ്പരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെയാണ് അബൂദബിയിലുണ്ടായിരുന്ന താരം വിസ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് അബൂദബിയില്‍ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാമ്പിലായിരുന്നു ബഷീര്‍. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും വിസ പ്രശ്‌നങ്ങളില്‍ കുടുങ്ങി ബഷീറിന്റെ യാത്ര നീളുകയായിരുന്നു.
നേരത്തെ, പ്രശ്നത്തിൽ ഇംഗ്ലണ്ട് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫിസ് ഇടപെട്ടിരുന്നു. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തിരിച്ചടിയായത്. നേരത്തെ ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ ശുഐബ് ബഷീർ അരങ്ങേറ്റം കുറിക്കും.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് ബഷീറിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ യുവതാരത്തിന്റെ സാന്നിധ്യം കരുത്തുപകരുമെന്ന പ്രതീക്ഷയിലായിരുന്നു സന്ദർശകർ. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരൻ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.