'കുട്ടിക്കാലത്തെ' വംശീയ, ഇസ്ലാംഭീതി ട്വീറ്റുകൾ; ഫാസ്റ്റ് ബൗളർ ഒലി റോബിൻസണെ ഇംഗ്ലണ്ട് പുറത്താക്കി
text_fieldsലണ്ടൻ: കളിയുടെ മുഖ്യധാരയിൽ വലിയ വിലാസങ്ങളുടെ തമ്പുരാനായിട്ടില്ലാത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയ കടുത്ത ഇസ്ലാംഭീതി നിറഞ്ഞതും വംശീയവുമായ ട്വീറ്റുകൾക്ക് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഒലി റോബിൻസണിന് നല്ലകാലത്ത് 'പണികിട്ടി'. ഒരാഴ്ചമുമ്പ് ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ് മാധ്യമങ്ങളിൽ രാജകീയ പദവിയേറുകയും ചെയ്തതിനിടെയാണ് 2012-13 കാലത്ത് നടത്തിയ പരാമർശങ്ങൾ വീണ്ടും പുറത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഇവ പറന്നുനടക്കുകയും കടുത്ത വിമർശനമുയരുകയും ചെയ്തതോടെ പുറത്താക്കാൻ സിലക്ടർമാർ തീരുമാനിക്കുകയായയിരുന്നു. ന്യൂസിലൻഡിനെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര പുരോഗമിക്കവെയാണ് അടിയന്തര നടപടി. ആദ്യ ഇന്നിങ്സിൽ റോബിൻസൺ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റും വീഴ്ത്തി. 42 റൺസെടുത്തും മികച്ച സംഭാവന നൽകി.
ഇന്ത്യ- ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ഇംഗ്ലണ്ട് ടീം ന്യൂസിലൻഡിലെത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 27 കാരന് ഇനി എന്ന് തിരിച്ചുവരാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദേശീയ ടീമിൽനിന്ന് മാത്രമല്ല, എല്ലാ രാജ്യാന്തര ക്രിക്കറ്റിൽനിന്നും പുറത്താകും. ജൂൺ 10ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ റോബിൻസൺ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
മുസ്ലിംകളെ തീവ്രവാദവുമായി ചേർത്തുള്ള ട്വീറ്റുകൾക്ക് പുറമെ വനിതകളെ അധിക്ഷേപിച്ചും ഏഷ്യൻ വംശജരെ പരിഹസിച്ചും നിരവധി ട്വീറ്റുകളാണ് റോബിൻസൺ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച വംശീയ വിവേചനത്തിനെതിരെ 'െഏക്യനിമിഷം' എന്ന പേരിൽ ന്യൂസിലാൻഡ്- ഇംഗ്ലണ്ട് ടീമുകൾ മൈതാനത്ത് ഐക്യദാർഢ്യവുമായി നിലയുറപ്പിച്ചതോടെയായിരുന്നു ട്വീറ്റുകൾ വീണ്ടും പൊങ്ങിവന്നത്. വിവേചനത്തിനെതിരെ ഐക്യപ്പെടുംമുമ്പ് റോബിൻസൺ മറ്റൊന്നായിരുന്നല്ലോ എന്നു പറഞ്ഞായിരുന്നു ട്വീറ്റുകൾ ചിലർ വീണ്ടും എടുത്തിട്ടത്. അതോടെ മാപ്പുപറഞ്ഞ് താരം എത്തിയെങ്കിലും ദേശീയ ടീമിന് മാനംകാക്കാൻ അതു മതിയാകുമായിരുന്നില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇംഗ്ലീഷ് ജഴ്സിയിൽ സസക്സ് താരം ആദ്യമായി ടെസ്റ്റിനിറങ്ങുന്നത്. അത് കരിയറിലെ അവസാനത്തേത് കൂടിയാകുമോ എന്നാണ് ഇപ്പോഴത്തെ സംശയം. മറ്റൊരു കരാറായതിനാൽ കൗണ്ടി ക്രിക്കറ്റിൽ സസക്സിനായി ഇനിയും കളിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.