ഇംഗ്ലണ്ട് ടെസ്റ്റ്: പൃഥ്വിയും സൂര്യകുമാറും ടീമിൽ
text_fieldsന്യൂഡൽഹി: ബാറ്റ്സ്മാന്മാരായ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടാവുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് പരിക്കേറ്റതോടെയാണ് ഇരുവരെയും സെലക്ടർമാർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്. സ്റ്റാൻഡ് ബൈ ബാറ്റ്സ്മാനായ ബംഗാളി താരം അഭിമന്യു ഈശ്വറിനെയും ടീമിലേക്ക് എടുത്തിട്ടുണ്ട്. സ്റ്റാൻഡ് ബൈ പട്ടികയിലുണ്ടായിരുന്ന പേസർ ആവേശ് ഖാനും പരിക്കേറ്റ് പുറത്തായിട്ടുണ്ട്.
ശിഖർ ധവാെൻറ നേതൃത്വത്തിൽ ശ്രീലങ്കയിൽ ട്വന്റി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിനോടൊപ്പമാണ് നിലവിൽ പൃഥ്വിയും സൂര്യകുമാറും. ഏകദിന പരമ്പരയിലെ താരമായിരുന്ന സൂര്യകുമാർ മികച്ച ഫോമിലാണ്. ആദ്യ ട്വന്റി20 മത്സരത്തിലും അർധസെഞ്ച്വറി നേടിയ സൂര്യകുമാറിെൻറ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനിടെയാണ് ഓപണിങ് ബാറ്റ്സ്മാനായ ഗില്ലിന് പരിക്കേറ്റത്. ടീമിൽനിന്ന് പുറത്തായ ഗിൽ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. സന്നാഹ മത്സരത്തിനിടയിലാണ് സുന്ദറിനും ആവേശിനും പരിക്കേറ്റത്. നേരത്തെ, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തിയിരുന്നെങ്കിലും രോഗം മാറി താരം പരിശീലനത്തിന് ഇറങ്ങിയത് ആശ്വാസമായി. അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തുടങ്ങുന്നത് ആഗസ്റ്റ് നാലിനാണ്.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, അക്സർ പേട്ടൽ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശർദുൽ ഠാക്കൂർ, ഉമേഷ് യാദവ്, അഭിമന്യു ഈശ്വർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.