പാകിസ്താന് ചരിത്ര നാണക്കേട്; ഒന്നാം ഇന്നിങ്സിൽ 500 റൺസടിച്ചിട്ടും ഇന്നിങ്സിന് തോൽക്കുന്ന ആദ്യ ടീം
text_fieldsമുൾത്താൻ: ഹാരി ബ്രൂക്ക്- ജോ റൂട്ട് സഖ്യത്തിന്റെ റൺമല കയറ്റവും ജാക്ക് ലീഷിന്റെ തകർപ്പൻ സ്പെല്ലും മുൾത്താനിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ നാണംകെടുത്തി. ഇന്നിംഗ്സിനും 47 റൺസിനുമാണ് ഇംഗ്ലീഷുകാരുടെ ജയം.
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഒന്നാം ഇന്നിങ്സിൽ 500-ലധികം റൺസ് നേടിയ ശേഷം ഒരു ടീം ഇന്നിങ്സിന് തോൽക്കുന്നത് ഇതാദ്യമാണ്.
ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച പാകിസ്താൻ 556 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് മറുപടി എഴിന് 823 എന്നതായിരുന്നു. ട്രിപ്പ്ൾ സെഞ്ച്വറി നേടിയ ബ്രൂക്കും (317), ഡബ്ൾ സെഞ്ച്വറിയ നേടി റൂട്ടും (262) ചേർന്നാണ് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്.
267 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാകിസ്താൻ 220 റൺസിൽ അവസാനിച്ചു. 63 റൺസ് നേടി സൽമാൻ ആഗയും പുറത്താവാതെ 55 റൺസെടുത്ത ആമിർ ജമാലും ഏഴാം വിക്കറ്റിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ജാക് ലീഷ് ഒരുക്കിയ വാരിക്കുഴിയിൽ തകർന്നടിഞ്ഞു.
അകൗണ്ട് തുറക്കും മുൻപ് അബ്ദുല്ല ഷഫീഖിനെ (0) പറഞ്ഞയച്ച ക്രിസ് വോക്സാണ് പാക് ടീമിന് ആദ്യ അടി നൽകിയത്. നായകൻ ഷാൻ മസൂദ് (11), സൂപ്പർതാരം ബാബർ അസം (5), സയിം അയൂബ് (25), മുഹമ്മദ് റിസ്വാൻ (10), സൗദ് ഷക്കീൽ (29) എന്നിവർ ഒന്നിന് പിറകെ ഒരോന്നായി മടങ്ങിയതോടെ അപ്രതീക്ഷിത തോൽവിയിലേക്ക് പാക് ടീം ചെന്നുചാടുകായായിരുന്നു.
ഹാരി ബ്രൂക്കിന് ട്രിപ്പ്ൾ സെഞ്ച്വറി, ജോ റൂട്ടിനൊപ്പം വമ്പൻ കൂട്ടുകെട്ട്; വഴിമാറിയത് നിരവധി റെക്കോഡുകൾ
ട്രിപ്പ്ൾ സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും ഇരട്ട സെഞ്ച്വറിയുമായി ജോ റൂട്ടും നിറഞ്ഞാടിയപ്പോൾ വഴിമാറിയത് ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോഡുകൾ. ഇരുവരും ചേർന്നുള്ള സഖ്യം നാലാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 522 പന്തിൽ 454 റൺസാണ്. 1877ൽ തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2015ൽ വെസ്റ്റിൻഡീസിനെതിരെ ആസ്ട്രേലിയയുടെ ആദം വോക്സും ഷോൺ മാർഷും ചേർന്ന് നേടിയ 449 റൺസിന്റെ റെക്കോഡാണ് വഴിമാറിയത്.
എവേ മത്സരത്തിനെത്തി ഏതൊരു വിക്കറ്റിലെയും മികച്ച പാട്ണർഷിപ്പ് കൂടിയാണ് പിറന്നത്. 1934ൽ ആസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 451 റൺസിന്റെ റെക്കോഡാണ് ഹാരി ബ്രൂക്ക്-ജോ റൂട്ട് സഖ്യം മറികടന്നത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും മഹേല ജയവർധനെയും ചേർന്നെടുത്ത 624 റൺസാണ് ഏതൊരു വിക്കറ്റിലെയും ഉയർന്ന പാട്ണർഷിപ്പ്. 1997ൽ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും റോഷൻ മഹാനാമയും ചേർന്ന് നേടിയ 576 റൺസ് രണ്ടാമതുള്ളപ്പോൾ, 1999ൽ ന്യൂസിലാൻഡിന്റെ മാർട്ടിൻ ക്രോയും ആൻഡ്രൂ ജോൺസും ചേർന്ന് നേടിയ 467 റൺസ് കൂട്ടുകെട്ടാണ് മൂന്നാമത്. ഇവർക്ക് പിന്നിലാണ് ഇനി ജോ റൂട്ട്-ഹാരി ബ്രൂക് സഖ്യത്തിന്റെ സ്ഥാനം.
ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയാണ് പിറന്നത്. 1957ൽ ബിർമിങ്ഹാമിൽ വെസ്റ്റിൻഡീസിനെതിരെ കോളിൻ കൗഡ്രെ-പീറ്റർ മെയ് സഖ്യം അടിച്ചെടുത്ത 411 റൺസിന്റെ റെക്കോഡാണ് വഴിമാറിയത്.
കഴിഞ്ഞ ദിവസം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനെന്ന നേട്ടം അലിസ്റ്റർ കുക്കിനെ മറികടന്ന് ജോ റൂട്ട് സ്വന്തമാക്കിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ 5000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടവും ടെസ്റ്റില്‍ കലണ്ടര്‍ വർഷത്തിൽ ഏറ്റവും കൂടുതല്‍ 1000 പ്ലസ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തം പേരിലാക്കിയിരുന്നു. അഞ്ചാം തവണയാണ് താരം ആയിരത്തിലധികം റൺസ് ഒരു വർഷം നേടുന്നത്. ആറു തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസം സചിൻ തെണ്ടുൽക്കൽ മാത്രമാണ് റൂട്ടിനു മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.