ഇംഗ്ലീഷ് വിക്ടറി
text_fieldsഅബൂദബി: ഏതു വമ്പൻ ടീമിനെതിരെയും അട്ടിമറികളുടെ അതിശയങ്ങൾ തീർക്കാൻ പോന്ന ടീമാണ് ബംഗ്ലാദേശ്. പക്ഷേ, ട്വൻറി 20 ലോകകപ്പിെൻറ ഒന്നാം ഗ്രൂപ്പിൽ ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പോന്ന വെടിക്കോപ്പുകളൊന്നും ബംഗ്ലാ കടുവകളുടെ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിന് ബംഗ്ലാദേശിനെയും അനായാസം കീഴ്പ്പെടുത്തി ഇംഗ്ലണ്ട് പോയൻറ് പട്ടികയിൽ മുന്നിൽ.
125 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുമ്പോൾ പിന്നെയും 35 പന്തുകൾ ബാക്കിയുണ്ടായിരുന്നു. 38 പന്തിൽ മിന്നൽ വേഗത്തിൽ 61 റൺസ് തകർത്തടിച്ച ജാസൺ റോയിയുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലേക്ക് വലിച്ചടുപ്പിച്ചത്. മൂന്നു സിക്സറുകളും അഞ്ചു ബൗണ്ടറിയുമായാണ് ജാസൺ റോയ് കത്തിക്കയറിയത്.
ഡേവിഡ് മലാൻ 28 റൺസും ജോസ് ബട്ലർ 18 റൺസും നേടി ഇന്നിങ്സിന് ബലമേകി. എട്ടു റൺസുമായി ജോണി ബെയർസ്റ്റോ പുറത്താകാതെ നിന്നു.
സ്കോർ പിന്തുടരുന്നത് അത്ര എളുപ്പമല്ലാത്ത ഗൾഫ് പിച്ചിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയ ഇംഗ്ലീഷ് ബൗളിങ് വമ്പൻ സ്കോറിലേക്ക് എത്താതെ പിടിച്ചുനിർത്തി.
പതിവ് ശീലം മാറ്റി ഇയോൺ മോർഗൻ സ്പിന്നർ മൊയീൻ അലിയെയാണ് ബൗളിങ് ഒാപൺ ചെയ്യാനിറക്കിയത്. മൂന്ന് ഒാവറിൽ 18 റൺസിന് രണ്ട് വിലപ്പെട്ട വിക്കറ്റും അലി വീഴ്ത്തി. ഇടൈങ്കയൻ ഫാസ്റ്റ് ബൗളർ ടൈമൽ മിൽസാണ് ബംഗ്ലാദേശിെൻറ നടുവൊടിച്ചത്.
27 റൺസിന് മിൽസ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 29 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ടോപ് സ്കോറർ. ലിറ്റൺ ദാസ് (9), മുഹമ്മദ് നയീം (5), ഷാകിബുൽ ഹസൻ (4), ക്യാപ്റ്റൻ മഹമൂദുല്ല (19), അഫീഫ് ഹുസൈൻ (5), നൂറുൽ ഹസൻ (16), മെഹദി ഹസൻ (11), മുസ്തഫിസുർ റഹ്മാൻ (0), എന്നിവർ വേഗം പുറത്തായി. 19 റൺസുമായി നസൂം അഹമ്മദ് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.