'ഈ ടീം വേറെ ലെവൽ'; ഇംഗ്ലണ്ടിനെ എറിഞ്ഞോടിച്ച് ഇന്ത്യ
text_fieldsലണ്ടൻ: ഓവൽ ടെസ്റ്റിൽ ജയം കൊതിച്ച് അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷുകാർക്ക് ഇന്ത്യയുടെ ഷോക്ക് ട്രീറ്റ്മെന്റ്. 368 റൺസ് തേടിയിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 100 റൺസിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ ഇന്ത്യ പവലിയനിലേക്ക് എറിഞ്ഞോടിക്കുകയായിരുന്നു. നായകൻ വിരാട് കോഹ്ലിയുടെ തീരുമാനങ്ങൾ ശരിവെച്ച് ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ 157 റൺസകലെ മുട്ടുമടക്കി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, ഷർദുൽ ഠാക്കൂർ എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ചുമത്സര പരമ്പരയിൽ 2-1ന് മുന്നിലെത്തി. 1971 ന് ശേഷം കെന്നിങ്ടൺ ഓവലിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്.
വിജയത്തിലേക്കെന്ന് തോന്നിപ്പിച്ച ശേഷമായിരുന്നു ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ കളിമറന്നത്. ടീം സ്കോർ 100 പിന്നിട്ടപ്പോൾ കൃത്യം 50 റൺസുമായി റോറി ബേൺസ് പുറത്ത്. ഷർദുൽ ഠാക്കൂറിന്‍റെ പന്തിൽ ഋഷഭ് പന്തിന് പിടികൊടുത്താണ് ബേൺസ് പുറത്തായത്. വൈകാതെ അഞ്ചുറൺസുമായി ഡേവിഡ് മലാൻ റൺഔട്ടായി. ടീം സ്കോർ 141ൽ നിൽേക്ക ക്ഷമയോടെ ക്രീസിലുറച്ച ഹസീബ് ഹമീദിനെ (63) രവീന്ദ്ര ജദേജ ക്ലീൻ ബൗൾഡാക്കി ബ്രേക് ത്രൂ നൽകി. തുടർന്ന് രണ്ടു റൺസെടുത്ത ഒലി പോപിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് പരുങ്ങി. തൊട്ടുപിന്നാലെ റൺസൊന്നുമെടുക്കാത്ത ജോണി ബെയർസ്റ്റോയെയും കുറ്റിതെറിപ്പിച്ച് ജസ്പ്രീത് ബുംറ ആഹ്ലാദം മുഴക്കുേമ്പാൾ ഇന്ത്യൻ ക്യാമ്പ് ആവേശത്തിലാറാടി. പിന്നെയെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. മുഈൻ അലി (0), ക്രെയ്ഗ് ഓവർട്ടൺ (10), ജയിംസ് ആൻഡേഴ്സൺ (2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകൾ.
ആദ്യ ഇന്നിങ്സിൽ 191 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 290 റൺസ് നേടിയിരുന്നു. 99 റൺസിന്‍റെ ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സിൽ 466 റൺസ് എടുത്ത് ഇന്ത്യ വിജയത്തിലേക്ക് പന്തെറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.