വിൻഡീസിനെ വെറും 55 റൺസിന് പുറത്താക്കി; പഴയ കടം വീട്ടി ഇംഗ്ലണ്ട്
text_fieldsദുബൈ: 2016 ട്വന്‍റി 20 ലോകകപ്പ് ഫൈനലിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നിന്നും തങ്ങളെ കരയിപ്പിച്ചു മടക്കിയ വെസ്റ്റിൻഡീസിനോട് ഇംഗ്ലീഷ് സംഘം പകരം വീട്ടി. പുകൾപെറ്റ വിൻഡീസ് ബാറ്റിങ് നിരയെ വെറും 55 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് 8.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നാലുവിക്കറ്റുവീഴ്ത്തിയ ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഈൻ അലിയും ടൈമൽ മിൽസുമാണ് വിൻഡീസിനെ എറിഞ്ഞുടച്ചത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗന്‍റെ തീരുമാനങ്ങളെല്ലാം ഫലിച്ചു. ഓപ്പണിങ് ബൗളറായി പന്തെടുത്ത സ്പിന്നർ മുഈൻ അലിയും ക്രിസ് വോക്സും വേഗത്തിൽ വിക്കറ്റു വീഴ്ത്തി വിൻഡീസിനെ സമ്മർദത്തിലാക്കി. ലെൻഡൻ സിമ്മൺസ് (3), ഇവാൻ ലൂവിസ് (6), ക്രിസ്ഗെയ്ൽ (13), ഹെറ്റ്മെയർ (9), ഡ്വെയ്ൻ ബ്രാവോ (5), നികൊളാസ് പുരാൻ (1), കീരൺ പൊള്ളാർഡ് (6), ആന്ദ്രേ റസൽ (0) എന്നിങ്ങനെയാണ് വിൻഡീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ക്രിസ്ഗെയ്ൽ ഒഴികെ ഒരാൾക്കും രണ്ടക്കം പോലും കടക്കാനായില്ല. വാലറ്റത്തെ ആദിൽ റഷീദ് വേഗത്തിൽ തുടച്ചുനീക്കുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള തിടുക്കത്തിൽ നാലുവിക്കറ്റുകൾ നഷ്ടമായി. ജേസൺ റോയ് (11), ജോസ് ബട്ലർ (20 നോട്ടൗട്ട്), ജോണി ബെയർസ്റ്റോ (9), മുഈൻ അലി (3), ലിയാം ലിവിങ് സ്റ്റോൺ (1), ഇയാൻ മോർഗൻ (7) എന്നിങ്ങയൊണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. മത്സരം വേഗത്തിൽ വിജയിക്കാനായത് റൺറേറ്റിൽ വലിയ ആനുകൂല്യമാണ് ഇംഗ്ലണ്ടിന് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.