ഒലി പോപ്പും ഹാർട്ട്‌ലിയും ഈ ഫോം തുടർന്നാൽ ഇംഗ്ലണ്ട് ഇന്ത്യയെ തൂത്തുവാരും- മോണ്ടി പനേസർ
text_fieldsവിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും തോൽക്കുമെന്ന മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 28 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. വെള്ളിയാഴ്ച വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനിരിക്കെയാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ മുന്നറിയിപ്പ്.
“ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ഇതുപോലെ കളിച്ചാൽ ഈ പരമ്പര തൂത്തുവാരാം, 5-0ന് ഇംഗ്ലണ്ട് പരമ്പരനേടും" -മോണ്ടി പനേസർ പറഞ്ഞു.
"ഹൈദരാബാദിലേത് വളരെ വലിയ വിജയമാണ്, ഇത് സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ല. 190 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് തോൽക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ഒലി പോപ്പിന്റെ ഇന്നിങ്സ്, ഏറെ കാലത്തിനിടക്ക് നമ്മൾ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു. ഇംഗ്ലണ്ട് വിദേശത്ത് നേടിയ ഏറ്റവും ഗംഭീര വിജയങ്ങളിൽ ഒന്നായിരുന്നു അത്. ഇംഗ്ലണ്ടിൽ ഇത് വലിയ വാർത്തയാണ്. ഞങ്ങൾ ലോകകപ്പ് നേടിയതുപോലെ തോന്നുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 246 റൺസിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 436 റൺസാണ് നേടിയത്. 190 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 420 റൺസാണെടുത്തത്. 231 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. എന്നാൽ 28 റൺസകലെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ 196 റൺസെടുത്ത ഇംഗ്ലണ്ട് ബാറ്റർ ഒലീ പോപ്പാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്സിൽ രണ്ടും, രണ്ടാം ഇന്നിങ്സിൽ ഏഴും ഉൾപ്പെടെ ഒമ്പത് വിക്കറ്റുകളാണ് ഇംഗ്ലണ്ട് ബൗളർ ടോം ഹാർട്ട്‌ലി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.