ടോസും കൈവിട്ടു; പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു
text_fieldsകൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ടോസ് പാകിസ്താന്റെ സെമി പ്രതീക്ഷകൾ തകർത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചതോടെ പാകിസ്താന്റെ സെമി ഫൈനൽ പ്രതീക്ഷകൾ ഇരുളടഞ്ഞു. 16 പന്തിൽ ലക്ഷ്യം കാണുക എന്ന അസാധ്യമായ തലത്തിലേക്ക് പാകിസ്താന് എത്താനാവില്ലെന്ന് ഉറപ്പാണ്.
+0.743 ആണ് ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ്. ഒമ്പത് കളികളിൽനിന്ന് കിവികൾക്ക് പത്ത് പോയന്റാണുള്ളത്. ഇന്ന് ജയിച്ചാൽ പാകിസ്താന് പത്ത് പോയൻറ് നേടുമെങ്കിലും റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കുക അസാധ്യമായി തീർന്നു.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് എട്ട് കളികളിൽ നാല് പോയന്റുമായി ഏഴാംസ്ഥാനത്താണ്. അടുത്ത ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാനായി തോൽക്കാതെ മടങ്ങാനാകും ഇംഗ്ലീഷുകരുടെ ശ്രമം. ടൂർണമെന്റിൽ ആദ്യ രണ്ട് കളികൾ ജയിച്ച പാക്കിസ്താൻ പിന്നീട് തുടർച്ചയായി നാലെണ്ണത്തിൽ തോറ്റു.
ഒടുവിൽ ബംഗ്ലാദേശിനെയും ന്യൂസിലൻഡിനെയും തോൽപിച്ച് ടീം തിരിച്ചുവന്നു. ബാറ്റർമാരും ബൗളർമാരും പതിവ് ഫോമിലെത്താതിരുന്ന പാകിസ്താന് കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിങ്ങിൽ അൽപം ഉണർവുണ്ടായിരുന്നു. അഞ്ച് മത്സരങ്ങളിൽ പുറത്തിരുന്ന ഓപണർ ഫഖർ സമാൻ ന്യൂസിലൻഡിനെതിരെ തകർപ്പൻ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
ലോകകപ്പിന് ശേഷം നിരവധി താരങ്ങളെ പുറത്താക്കാനൊരുങ്ങുന്ന മാനേജ്മെന്റിന് ഒരു വിജയം സമ്മാനിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബെൻ സ്റ്റോക്സും ഡേവിഡ് മലാനും ഫോമിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.