മോർഗൻ നയിച്ചു; ഇംഗ്ലണ്ടിന് അഞ്ചുവിക്കറ്റ് ജയം
text_fieldsമാഞ്ചസ്റ്റർ: ക്യാപ്റ്റൻ ഓയിൻ മോർഗൻ (33 പന്തിൽ 66) മുന്നിൽ നിന്ന് നയിച്ചതോടെ പാകിസ്താനെതിരായ രണ്ടാം ട്വൻറി20യിൽ ഇംഗ്ലണ്ടിന് അഞ്ചുവിക്കറ്റ് ജയം. ഡേവിഡ് മലാനൊപ്പം (54 നോട്ടൗട്ട്) ചേർന്ന് മുന്നാം വിക്കറ്റിൽ മോർഗൻ കുട്ടിച്ചേർത്ത 112 വിക്കറ്റ് കൂട്ടുകെട്ടാണ് ഓൾഡ് ട്രാഫോഡിൽ 196 റൺസ് മറികടക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.
അഞ്ച് പന്തുകൾ ബാക്കി നിൽക്കേയായിരുന്നു ആതിഥേയരുടെ വിജയം. ഇതോടെ ഏകദിന ലോകജേതാക്കൾ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. വെള്ളിയാഴ്ച നടന്ന ആദ്യ ട്വൻറി20 മഴ മൂലം മുഴുമിപ്പിക്കാൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. പാകിസ്താനായി ഷദാബ് ഖാൻ മുന്ന് വിക്കറ്റ് വീഴ്ത്തി.
196 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപണർമാരായ ജോണി ബെയർസ്റ്റോയും (44) ടോം ബാൻറണും (20) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 66 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഏഴാം ഓവറിൽ ഇരുഓപ്പണർമാരെയും പുറത്താക്കി ഷദാബാണ് സന്ദർശകരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.
മൂന്നാം വിക്കറ്റിലായിരുന്നു മത്സരഗതി നിർണയിച്ച കൂട്ടുകെട്ട്. 27 പന്തുകളിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ അർധസെഞ്ച്വറി തികച്ചത്. 33 പന്തിൽആറ് ബൗണ്ടറിയും നാല്സിക്സറും സഹിതം 66 റൺസെടുത്ത മോർഗൻ ഹാരിസ് റൗഫിൻെറ പന്തിൽ പകരക്കാരൻ ഫീൽഡറായ ഖുഷ്ദിലിന് പിടി നൽകി മടങ്ങി. മുഈൻ അലിയും (ഒന്ന്) സാം ബില്ലിങ്സുമാണ് (10) പുറത്തായ മറ്റ് രണ്ട് ബാറ്റ്സ്മാൻമാർ. ലൂയിസ് ഗ്രിഗറി (പൂജ്യം നോട്ടൗട്ട്) പുറത്താകാതെ നിന്നു.
നേരത്തെ നായകൻ ബാബർ അസം (56), മുഹമ്മദ് ഹഫീസ് (69), ഫഖർ സമാൻ (36) എന്നിവരുടെ ബാറ്റിങ് മികവിലാണ് പാകിസ്താൻ നിശ്ചിത ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.