‘ഇന്ത്യയുടെ നേട്ടങ്ങൾ ശ്രദ്ധേയം’; ദ്രാവിഡിനെ ഇംഗ്ലണ്ട് പരിശീലകനാക്കണമെന്ന് മുൻ താരം
text_fieldsഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് നേട്ടത്തിൽ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ പങ്ക് ഏറെ നിർണായകമായെന്നാണ് ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത്. ഏകദിന ലോകകപ്പിന്‍റെ ഫൈനൽ വരെ തോൽവിയറിയാതെ ടീമിനെ എത്തിച്ചതിനു പിന്നിലും ദ്രാവിഡിന്‍റെ തന്ത്രങ്ങളുണ്ടെന്ന് കരുതുന്നവരേറെയാണ്. ലോകകപ്പിനു പിന്നാലെ ഇന്ത്യൻ ടീമിന്‍റെ പരിശീലകവേഷം അഴിച്ചുവച്ച ദ്രാവിഡ്, ഐ.പിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ പരിശീലകനായി ചുമതലയേൽക്കുമെന്ന അഭ്യൂഹം ശക്തമാണ്. അതിനിടെയാണ് ദ്രാവിഡിനെ ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബാൾ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലിഷ് താരം മുന്നോട്ടുവന്നത്.
ഇംഗ്ലണ്ടിനായി ലോകകപ്പ് നേടിയ മുൻ ക്യാപ്റ്റൻ ഒയിൻ മോർഗനാണ് ദ്രാവിഡിനെ പുതിയ കോച്ചായി നിയമിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ദ്രാവിഡിനു പുറമെ റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ലമിങ് എന്നിവരുടെ പേരും മോർഗൻ നിർദേശിക്കുന്നു. ലോകകപ്പ് നേട്ടങ്ങൾക്കു പുറമെ 2023ലെ ഏഷ്യാകപ്പ് നേട്ടം, നാട്ടിലും വിദേശത്തുമായി നടന്ന പരമ്പരകളിലെ വിജയം എന്നിവയും ദ്രാവിഡിന്‍റെ പരിശീലത്തിനു കീഴിലായിരുന്നു. മികച്ച ടീമിന് കൃത്യമായ നിർദേശങ്ങൾ കൊടുക്കാനും ടീമിനെ സജ്ജീകരിക്കാനും മികച്ച പരിശീലകൻ വേണമെന്നും മോർഗൻ സ്കൈ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ന്യൂസീലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലത്തിനു കീഴിലാണ് ടെസ്റ്റിൽ ഇംഗ്ലണ്ട് ടീം പരിശീലനം നേടുന്നത്. മക്കല്ലത്തിന്‍റെ വരവോടെ അവതരിപ്പിക്കപ്പെട്ട ‘ബാസ്ബോൾ’ ശൈലി വിജയകരമായി മുന്നോട്ടുപോവുകയാണ്. ടെസ്റ്റിൽ കൂടുതൽ ജയം കണ്ടെത്താനും ഇംഗ്ലണ്ടിനു കഴിയുന്നുണ്ട്. എന്നാൽ ഏകദിനത്തിലും ട്വന്‍റി20യിലും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. 2023 ഏകദിന ലോകകപ്പിലും ഇക്കൊല്ലം നടന്ന ടി20 ലോകകപ്പിലും സെമിയിൽ പുറത്താകാനായിരുന്നു ഇംഗ്ലണ്ടിന്‍റെ യോഗം. ഇതോടെ പരിമിത ഓവർ ക്രിക്കറ്റിലെ പരിശീലകൻ മാത്യു മോട്ട് രാജിവെച്ച് ഒഴിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.