ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ കളി മതിയാക്കി
text_fieldsലണ്ടൻ: ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച നായകൻ ഇയോൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. മോശം ഫോമും ആരോഗ്യ പ്രശ്നങ്ങളുമാണ് മോർഗനെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്.
ഒക്ടോബറിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും ടീമിന്റെ കപ്പിത്താനായുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മോശം ഫോമിനെത്തുടർന്ന് കളി നിർത്തുന്നത്. ഇടംകൈയൻ ബാറ്ററും ഒക്കേഷനൽ വിക്കറ്റ് കീപ്പറുമായ മോർഗൻ, മധ്യനിരയിൽ ഇംഗ്ലീഷുകാരുടെ കരുത്തായിരുന്നു. 2006ൽ അയർലൻഡിന് വേണ്ടി കളിച്ചായിരുന്നു അന്താരാഷ്ട്ര കരിയറിന്റെ തുടക്കം. 2009ൽ ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തിൽ അരങ്ങേറി. ജന്മം കൊണ്ട് അയർലൻഡുകാരനാണ് മോർഗൻ.
ഐറിഷ് ടീമിനായി 23 മത്സരങ്ങളിൽ 744 റൺസ് നേടി. ഒരു സെഞ്ച്വറിയും ഇതിലുണ്ട്. ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളിൽ 13 ശതകമടക്കം 6957 റൺസ് കുറിച്ചു. 16 ടെസ്റ്റിൽ 700ഉം 115 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ 2458ഉം റൺസ് നേടി. ക്യാപ്റ്റനെന്ന നിലയിൽ 60 മത്സരങ്ങളും ജയിച്ചു. 2019ലെ ലോകകപ്പ് നേട്ടവും ഏകദിനത്തിലും ട്വന്റി20യിലും ഇംഗ്ലണ്ടിനെ ഒന്നാം റാങ്കിലെത്തിച്ചതും എടുത്തുപറയേണ്ടതാണ്. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചു.
2017ൽ ഷാർജയിൽ നടന്ന പ്രഥമ ടി10 ക്രിക്കറ്റ് ലീഗിൽ കേരള നൈറ്റ്സ് ടീമിനെ ജേതാക്കളാക്കിയ നായകനാണ് മോർഗൻ. നെതർലൻഡ്സിനെതിരെ ജൂൺ 19നായിരുന്നു അവസാന ഏകദിനം. പരമ്പരയിൽ ബാറ്ററെന്ന നിലയിൽ പരാജയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.